ആത്മാർഥത ആവശ്യത്തിന് മതി, രാത്രി നല്ല ഉറക്കം കിട്ടാൻ ജോലിക്കിടെ ഇടവേള എടുക്കണം; പഠനം

തൊഴിലിന്റെ സ്വഭാവവും ഈ ഉറക്കമില്ലായ്മയ്ക്ക് കാരണമായെക്കാമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്.
sleepless
ദീര്‍ഘനേരം ഇരുന്നുള്ള ജോലി പ്രതീകാത്മക ചിത്രം
Updated on
1 min read

ശാരീരിക-മാനസിക ആരോ​ഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. എന്നാൽ മാറിവരുന്ന ജീവിതസാഹചര്യവും സമ്മർദവും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോ​ഗവും ​ഗുണനിലവാരമുള്ള ഉറക്കത്തെ തടസപ്പെടുത്തുന്നു. എന്നാല്‍ ഇത് കൂടാതെ നിങ്ങളുടെ തൊഴിലിന്റെ സ്വഭാവവും ഈ ഉറക്കമില്ലായ്മയ്ക്ക് കാരണമായെക്കാമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്.

സൗത്ത് ഫ്ലോറിഡ സർവകലാശാല ​സൈക്കോളജിസ്റ്റ് ആയ ക്ലെയർ സ്മിത്ത് നേതൃത്വം നല്‍കിയ പഠനത്തിൽ പ്രധാനമായും രണ്ട് തരം തൊഴിലുകളാണ് ഉറക്കത്തെ സ്വധീനിക്കുന്നതായി പറയുന്നത്. ദീർഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും (ഡെസ്ക് ജോലികൾ), സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും ഇൻസോമിയയ്ക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാകാമെന്നാണ് ഒക്കേഷണല്‍ ഹെല്‍ത്ത് സൈക്കോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അതായത് ഉറങ്ങാൻ ബുദ്ധിമുട്ട്, ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുക, ​ഗുണനിലവാരമില്ലാത്ത ഉറക്കം എന്നിവയാണ് ലക്ഷണങ്ങൾ.

ഡെസ്‌ക് ജോലികള്‍

ശരീരം അധികം അനങ്ങാതെ ഓരേ രീതിയില്‍ ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ഡെസ്‌ക് ജോലികള്‍ പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കിടയില്‍ ഇത്തരം ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

ഇത്തരം ജോലികള്‍ ചെയ്യുന്നവരില്‍ 37 ശതമാനം ആളുകള്‍ക്കും ഇന്‍സോമിയയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ സജീവമായി വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

രാത്രി ഷിഫ്റ്റ്

സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ ഉറക്കം സർക്കാഡിയൻ താളത്തിന് വിപരീതമായാണ്. ഇത് ഗുണനിലവാരമുള്ള ഉറക്കത്തെ തടസപ്പെടുത്താം. കൂടാതെ നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കുന്നതിന് വാരാന്ത്യം മുഴുവന്‍ ഉറങ്ങുന്ന പ്രവണതയും ഇപ്പോള്‍ കൂടിവരുന്നുണ്ടെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു. ഇത് അമിത ഉറക്കത്തിലേക്കും ഗുണനിലവാരമുള്ള ഉറക്കം നഷ്ടപ്പെടാനും കാരണമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉറക്കമെന്നാല്‍ ഏതാനും മണിക്കൂറുകള്‍ മയങ്ങുക എന്നല്ല അര്‍ഥം. ആരോഗ്യകരമായ ഉറക്കത്തിന് എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നതിലുപരി വേഗം ഉറങ്ങാന്‍ കഴിയുന്നതും രാത്രി മുഴുവന്‍ ഉറങ്ങുന്നതും ഉറക്കത്തിന് കൃത്യമായ ഒരു ക്രമം ഉണ്ടാകേണ്ടതും പ്രധാനണെന്നും ഗവേഷകര്‍ പറയുന്നു. ഉറക്കത്തെ ബാധിക്കാത്ത വിധത്തില്‍ ജോലിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്നും പഠനം നിര്‍ദേശിക്കുന്നു. ഉറക്കം കുറയുന്നത് ഉല്‍പാദനക്ഷമത കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍

  • ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്.

  • സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും.

  • ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം.

  • നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com