കൊറോണ അപകടകാരി; ജാഗ്രതയോടെ നേരിടാം; അറിയേണ്ടതെല്ലാം

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍തന്നെ കഴിയേണ്ടതാണ്.
കൊറോണ അപകടകാരി; ജാഗ്രതയോടെ നേരിടാം; അറിയേണ്ടതെല്ലാം
Updated on
2 min read

കൊച്ചി:  കേരളത്തിലും കൊറോണ വൈറസ് സ്ഥിരീരികരിച്ചു. ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകള്‍. ജലദോഷം, ന്യുമോണിയ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. 

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളില്‍ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതല്‍ 30 ശതമാനം വരെ കാരണം ഈ വൈറസുകള്‍ ആണ്. കഴിഞ്ഞ 70 വര്‍ഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടര്‍ക്കി, കുതിര, പന്നി, കന്നുകാലികള്‍ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍തന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളു. ഇതിനുവേണ്ടിയും ദിശ നമ്പറില്‍ വിളിച്ച് (04712552056) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.

എന്താണ് കൊറോണ വൈറസ്?

ജലദോഷം ബാധിച്ചവരുടെ മൂക്കില്‍ നിന്നാണ് ഹ്യൂമന്‍ കൊറോണ വൈറസുകളെ (HcoV) ആദ്യമായി തിരിച്ചറിഞ്ഞത്. 1960 കളിലായിരുന്നു ഇത്. ഛഇ 43, 229 ഋ എന്നീ രണ്ടിനം വൈറസുകളാണ് ജലദോഷത്തിനു കാരണം. 
കിരീടം പോലുള്ള (Crown) ചില പ്രൊജക്ഷനുകള്‍ അവയില്‍ ഉള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ വൈറസ് എന്ന പേരു വന്നത്. ലാറ്റിന്‍ ഭാഷയില്‍ കൊറോണ എന്നാല്‍ ക്രൗണ്‍ ആണ്. 
മനുഷ്യനില്‍ തണുപ്പു കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്ന ശേഷം നാലുമാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് പിടിപെടാം. ദീര്‍ഘകാലം കൊറോണ വൈറസ് ആന്റിബോഡികള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല. 

ലക്ഷണങ്ങള്‍

കൊറോണ വൈറസ് ബാധിച്ചാല്‍ രണ്ടു മുതല്‍ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. കൂടാതെ തുമ്മല്‍, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ടവേദന, ആസ്മ ഇവയും ഉണ്ടാകാം. 
ചികിത്സിച്ചു ഭേദപ്പെടുത്താന്‍ ആവാത്തതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിശ്രമിക്കുക, ധാരാളം വെള്ളം  കുടിക്കുക, പുകവലി ഒഴിവാക്കുക, പുക ഏല്‍ക്കാതിരിക്കുക, പനിയും വേദനയും കുറയ്ക്കാന്‍ acetaminophen, ibuprofen അല്ലെങ്കില്‍ naproxen ഇവ കഴിക്കുക. വേപ്പറൈസര്‍ ഉപയോഗിക്കുക. 

എങ്ങനെയാണ് പടരുന്നത്?

വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവില്‍ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.
വൈറസ് ബാധിച്ച ഒരാളെ സ്പര്‍ശിക്കുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുക വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാം. 

വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാല്‍.

അപൂര്‍വമായി വിസര്‍ജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.

വൈറസ് ബാധിച്ചാല്‍, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാന്‍ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണറി വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. 

കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍ നോക്കാം

*വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.

*ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്.


*പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബഌച്ചിങ് ലായനി(1 ലീറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബഌച്ചിങ് പൗഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.


*ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല/ തോര്‍ത്ത്/ തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.


*സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.


*വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.


*നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബഌച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.


എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസൊലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബന്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം. നിര്‍ദ്ദിഷ്ട വ്യക്തിയും കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും(0471 2552056) വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com