ഹാദിയയ്ക്ക് പറയാനുള്ളത്; ഹാദിയ അയച്ച കത്തുകള്‍

താന്‍ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹര്‍ജി പരിഗണിക്കവേ പെണ്‍കുട്ടി അറിയിച്ചിരുന്നു.
ഹാദിയ
ഹാദിയ

മതം മാറിയതിനു ശേഷം നടന്ന വിവാഹം കോടതി വിധിയിലൂടെ അസാധുവായ വൈക്കം സ്വദേശി ഹാദിയ പിതാവിനയച്ച കത്തുകള്‍ സമകാലികമലയാളത്തിന്. കത്തിന്റെ അടിസ്ഥാനത്തില്‍ ഹാദിയയുടെ രക്ഷിതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ മതംമാറിയതില്‍ പ്രശ്മില്ലായിരുന്നെന്നും പിന്നീട് വേറെ ആരുടെയോ ഇടപെടല്‍ മൂലമുണ്ടായ പ്രശ്‌നമാണെന്നും വ്യക്തമാകുന്നുണ്ട്. ഇതു കൂടാതെ ഹാദിയ ഹൈക്കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തുകളും കിട്ടിയിട്ടുണ്ട്. കത്തുകള്‍ ചുവടെ.

പ്രിയപ്പെട്ട അച്ചായിക്ക്,

ഇന്നലെ അച്ചായി എന്നെ വിളിച്ചപ്പോള്‍ എന്റെ സങ്കടം കൊണ്ട് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു. ഞാന്‍ അത്രമാത്രം സങ്കടത്തിലായിരുന്നു. അച്ഛായി എന്തിനാണ് എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. ഞാന്‍ ഇവിടെ സുരക്ഷിതയാണെന്നും സന്തോഷത്തോടെയാണെന്നും അച്ഛായിക്ക് അറിയാമല്ലോ. 
നമ്മളെന്നും രണ്ടും മൂന്നും പ്രാവശ്യം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നല്ലോ. അതിനിടയിലാണ് അച്ഛായി വീണ്ടും അന്ന് ഹേബിയസ് കോര്‍പ്പസ് കൊടുത്തത്. അതോര്‍ക്കുമ്പോഴെനിക്ക് വിഷമത്തോടൊപ്പം ദേഷ്യവും വരുന്നുണ്ട്. നാല് ജീപ്പ് പോലീസാണ് അന്ന് എന്നെ പിടിക്കാന്‍ കോട്ടക്കലുള്ള വീട്ടില്‍ വന്നത്. ദൈവം സഹായിച്ച് ആ സമയത്ത് ഞങ്ങള്‍ കൊണ്ടോട്ടിയില്‍ ആയിരുന്നു. കോട്ടക്കല്‍ ക്ലിനിക്കില്‍ ക്ലാസിക്കല്‍ മെത്തേഡിലുള്ള മെഡിസിന്‍ കംപ്ലീറ്റ് ആയതിനാല്‍ കൊണ്ടോട്ടിയില്‍ വേറൊരു ക്ലിനിക്കില്‍ ചേരാന്‍ പോയതായിരുന്നു. ഞങ്ങള്‍ അന്നിവിടെ വീട്ടിലുണ്ടായിരുന്നെങ്കില്‍ അഞ്ച് രാത്രിയും നാല് പകലും പോലീസുകാരോടൊപ്പം കഴിയേണ്ടി വരുമായിരുന്നു. ഞാന്‍ കോട്ടക്കല്‍ ക്ലിനിക്കില്‍ ഇരുന്ന ഫോട്ടോ അയച്ചു തന്നില്ലേ. അച്ഛായി അത് കണ്ടുവെന്ന് ഉറപ്പുണ്ട്. 
അച്ഛായി സേലത്തെ റൂമില്‍ നിന്നും എടുത്ത സര്‍ട്ടിഫിക്കറ്റ് തരാം എന്നു പറഞ്ഞതല്ലേ.. അച്ഛായിയും അമ്മയും കൂടെ എന്നെ കാണാന്‍ വരാമെന്നും പറഞ്ഞിരുന്നു. ഞാനിവിടെ ആയിരുന്നെങ്കിലും നമ്മള്‍ നല്ല അടുപ്പത്തിലായിരുന്നല്ലോ. എന്നിട്ടും അച്ഛായി ആരുടെയൊക്കെയോ വാക്കു കേട്ടിട്ട് ഇല്ലാത്ത കഥകളുണ്ടാക്കി എനിക്കെതിരെ കേസ് കൊടുത്തു. നമ്മള്‍ തമ്മില്‍ ഒരിക്കലും അടുക്കരുതെന്ന് ആഗ്രഹിക്കുന്ന ആരോ അല്ലെ ഇതൊക്കെ ചെയ്യിക്കുന്നത്. മോഹനന്‍ വക്കീലിനെ കൂടാതെ വേറെയാരൊക്കെയോ ആണിതിന്റെ പിന്നില്‍. എങ്കിലും അച്ഛായി സത്യം തിരിച്ചറിയണം. ഇതുകൊണ്ടുണ്ടാകുന്ന സമയനഷ്ടം, സാമ്പത്തിക നഷ്ടം എല്ലാം അച്ഛായി തിരിച്ചറിയണം. ഞാന്‍ എന്ത് തെറ്റാണ് അച്ഛായി ചെയ്തത്.. നിങ്ങളുടെ കാഴ്ചപ്പാടില്‍ ഞാന്‍ ചെയ്ത തെറ്റ് ഏക ദൈവ വിശ്വാസിയായി എന്നതാണ്. നിങ്ങളുടെ തെറ്റ് എനിക്ക് ശരിയുമാണ്. അച്ഛായിയുടെ നിരീശ്വരവാദവും അമ്മയുടേത് വൈക്കത്തപ്പന്റെ ആരാധനയു. ഇതിനിടയില്‍ എന്റെ ഏകദൈവ വിശ്വാസം നിങ്ങള്‍ക്ക് സാധിക്കില്ലായെന്ന് എത്രവട്ടം തെളിയിച്ചതാണ്. ഹൈക്കോടതിയില്‍ നില്‍ക്കുമ്പോള്‍ പോലും എന്റെ വിശ്വാസം ഉപേക്ഷിച്ചു വരാനല്ലേ നിങ്ങള്‍ പറയുന്നത്. എന്നിട്ടും നിങ്ങള്‍ ജഡ്ജിയുടെ മുന്നില്‍ വന്ന് നിന്ന് നാടകം കളിക്കും. ഞാന്‍ അംഗീകരിക്കും എന്ന് പറയും. എന്തിനാണ് അച്ഛായി എന്നെയിങ്ങനെ അപമാനിക്കുന്നത്. എന്നെയൊരു പ്രതിസന്ധിയില്‍ സഹായിച്ചവരെയൊക്കെ അച്ഛായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

ഹാദിയയും ഭര്‍ത്താവ് ഷഫിനും
ഹാദിയയും ഭര്‍ത്താവ് ഷഫിനും

ദൈവമാണ് എന്നെ ഇവരോടൊപ്പമെത്തിച്ചത്. ഞാനീ കുടുംബത്തിലെ അംഗമാണ്. അവരുടെ മകളെപ്പോലെത്തന്നെ എന്നെയും പരിഗണിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ വാങ്ങുന്നത് പോലും ഞങ്ങള്‍ക്ക് ഒരുമിച്ചാണ്. ഞാന്‍ ജീവിതത്തെ കുറെക്കൂടെ സീരിയസായി കണ്ടത് ഇവരോടൊപ്പം വന്നതിനു ശേഷമാണ്. 21ാം തീയതി സരണിയിലെ ക്ലാസ് കഴിഞ്ഞ് 22ാം തീയതി തന്നെ ഞങ്ങള്‍ കോളജില്‍ പോയി. അവിടെ ചെന്നപ്പോള്‍ ഉണ്ടായതെന്താണെന്ന് അര്‍ച്ചന വിളിച്ച് പറഞ്ഞല്ലോ. 

മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ വീണ്ടും ടെന്‍ഷനായി. അച്ഛായിക്ക് അറിയാമല്ലോ എനിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്ന്. ഞാന്‍ വേറെ എവിടെയും പോയിട്ടില്ലെന്നും. വാര്‍ത്ത വന്ന അടുത്ത ദിവസം കോട്ടയം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിളിച്ചിരുന്നു. അവര്‍ പറഞ്ഞത് അച്ഛായി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വിളിച്ചതാണ് എന്നായിരുന്നു. ഇനിയും കേസ് കൊടുക്കുകയാണെങ്കില്‍ വലിയ ദ്രോഹം തന്നെയാണ് അച്ഛായി. 
എനിക്ക് മുസ്ലീം ആയി ജീവിക്കാന്‍ വേറെ എവിടെയും പോകേണ്ടതില്ല. എന്റെ പ്രഫഷന്‍ അനുസരിച്ച് കേരളത്തില്‍ തന്നെ സേവനം ചെയ്ത് ഒരു ഇന്ത്യക്കാരിയായി ഇവിടെത്തന്നെ ജീവിക്കും. മറ്റു ആശയങ്ങള്‍ ഒന്നും ഇസ്ലാമിന്റേതല്ല. ഇക്കാര്യങ്ങളെല്ലാം ഞാന്‍ ഫോണില്‍ വ്യക്തമായി പറഞ്ഞതല്ലേ. എന്നിട്ടും കളവ് പറഞ്ഞ് മോഹനന്‍ വക്കീലിന്റെ വാക്കു കേട്ട് അച്ഛായി വീണ്ടും കേസ് കൊടുത്തു. 35 ദിവസം തടവറയിലായി. ആദ്യത്തെ പത്ത് ദിവസങ്ങളില്‍ ഞാന്‍ എത്രമാത്രം അനുഭവിച്ചെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്തത്ര മോശം സാഹചര്യത്തിലായിരുന്നു ഞാന്‍ ജീവിച്ചത്. എന്തിനാണ് അച്ഛായി എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയും എന്നെനിക്ക് ബോധ്യം വരുമ്പോളെ ഞാന്‍ തിരിച്ച് വരികയുള്ളു.
അച്ഛായിക്ക് ഞാന്‍ വീണ്ടും ഉറപ്പു തരാം. ഞാന്‍ ഒരു ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും പോകില്ല. അങ്ങനെ ചിന്തിക്കുന്നത് പോലും എന്റെ വിശ്വാസത്തിന് എതിരാണ്. നമ്മുടെ രാജ്യത്ത് തന്നെ ജീവിച്ച് നമ്മുടെ രാജ്യത്തിനു വേണ്ടി സേവനമനുഷ്ടിച്ച് ജീവിക്കുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് അവസാനിപ്പിക്കുന്നു. എന്റെ വാക്കുകള്‍ അച്ഛായിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പ്. ഇനിയും എന്നെ കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കരുത് എന്ന് സ്വന്തം മകള്‍ അഖില അശോകന്‍

ഹാദിയ ഹൈക്കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com