ഇനി വെള്ളത്തിനായി അമ്മ കിലോമീറ്ററുകള്‍ താണ്ടേണ്ടതില്ല; സ്വന്തമായി കിണർ കുഴിച്ച് 14കാരൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th May 2023 12:00 PM |
Last Updated: 25th May 2023 12:00 PM | A+A A- |

പ്രണവ് രമേശ്, പ്രണവ് കുഴിച്ച കിണർ/ വിഡിയോ സ്ക്രീൻഷോട്ട്
മുംബൈ: മഹാരാഷ്ട്രയിൽ നിന്നും 178 കിലോമീറ്റർ അകലെ പൽഗാർ എന്ന ഗ്രാമം. അവിടെ കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം ഗാർഹിക ആവശ്യങ്ങൾക്കായുള്ള വെള്ളം എത്തിക്കാൻ. കുടി വെള്ളത്തിനായുള്ള അമ്മയുടെ കഷ്‌ടപ്പാടാണ് പ്രണവ് രമേശ് എന്ന 14 കാരനെ സ്വന്തമായൊരു കിണർ കുഴിക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചത്.
കടുത്ത വേനലിനെ അവഗണിച്ചായിരുന്നു പ്രണവിന്റെ കിണർ നിർമാണം. മൺവെട്ടിയും മൺകോരിയും ഏണിയുമായിരുന്നു പണിയായുധങ്ങൾ. ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. നാളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കിണറ്റിലെ ഉറവയിൽ നിന്നും ശുദ്ധ ജലം കുതിച്ചൊഴുക്കുന്ന കാഴ്‌ച അവന്റെ കണ്ണു നിറച്ചു. ഇനി അമ്മയ്‌ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതില്ല- ചിരിച്ചുകൊണ്ട് പ്രണവ് പറഞ്ഞു.
സ്വന്തം നാട്ടിൽ മാത്രമല്ല സമീപത്തെ ഗ്രാമപ്രദേശത്തും ഇപ്പോൾ പ്രണവ് ഹീറോ ആണ്. സ്കൂളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും പ്രണവിന്റെ വീട്ടിലെത്തി ആശംസിച്ചു. പ്രണവിന്റെ ഈ കഠിനാധ്വാനത്തിന്റെ വാർത്ത തദ്ദേശ ഭരണകൂടത്തിന്റെ ശ്രദ്ധയിലുമെത്തി. അവർ ഒരു ടാപ് പ്രണവിന്റെ വീട്ടിൽ സ്ഥാപിച്ചുകൊടുത്തു. ജില്ലാ ഭരണകൂടം സമ്മാനമായി 11,000 രൂപയും കുട്ടിക്കു നൽകി. പ്രണവിനും കുടുംബത്തിനും കെട്ടുറപ്പുള്ള വീട് നിർമിച്ചുനൽകാനുള്ള പദ്ധതിയും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.
#WATCH | Palghar, Maharashtra: Distressed upon seeing his mother walk every day in the sun to fetch water for the house, 14-year-old Pranav Salkar dug a well in his front yard with the help of his father. The family lives in Dhavange Pada near Kelve. Pranav's parents, Darshana… pic.twitter.com/H5WzkbzGIs
— ANI (@ANI) May 23, 2023
പ്രകൃതിയെ ഒരുപാട് ഇഷ്ടമുള്ള പ്രണവ് നേരത്തെയും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സോളർ പാനലുകൾ ഒരു മോട്ടോർസൈക്കിൾ ബാറ്ററിയുമായി ഘടിപ്പിച്ച് തന്റെ കുടിലിൽ പ്രകാശമെത്തിക്കാനും അവൻ ശ്രമിച്ചിരുന്നു. കർഷകത്തൊഴിലാളികളായ രമേഷിന്റെയും ദർശനയുടെയും നാലു മക്കളിൽ ഏറ്റവും ഇളയ ആളാണ് പ്രണവ്. പ്രദേശത്തെ ആദർശ് വിദ്യാമന്ദിറിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ഈ കുട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
മനുഷ്യരെ നിയമം പഠിപ്പിക്കും ഈ നായ!, ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചൊരു യാത്ര; വൈറൽ വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ