ലഖ്നൗ: ഗ്രാമവാസികളായ മുസ്ലീങ്ങള്‍ തങ്ങളുടെ പേരുകളില്‍ 'ബ്രാഹ്മണ' പേരുകള്‍ കൂടി ചേര്‍ത്തതോടെ, വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ ദഹ്‌രി. ജൗന്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35-40 കിലോമീറ്റര്‍ അകലെയുള്ള മുസ്ലിം ഭൂരിപക്ഷമുള്ള ഗ്രാമമാണ് ദഹ്‌രി. 7000-ത്തിലധികം മുസ്ലിംകളും 5000-ത്തിലധികം ഹിന്ദുക്കളും കാലങ്ങളായി തികഞ്ഞ സൗഹാര്‍ദ്ദത്തോടെ ഇവിടെ ജീവിച്ചു വരുന്നു.
ഇവിടത്തെ എഴുപതോളം മുസ്ലീങ്ങള്‍ തങ്ങളുടെ പേരുകളില്‍ 'ബ്രാഹ്മണ' പേരുകള്‍ ചേര്‍ത്തതാണ് ഗ്രാമത്തെ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കിയത്. നൗഷാദ് അഹമ്മദ് പേരിനൊപ്പം ദുബെ എന്ന് കൂട്ടിച്ചേര്‍ത്തു. മകളുടെ വിവാഹ കാര്‍ഡിലാണ് ഇയാള്‍ നൗഷാദ് അഹമ്മദ് ദുബെ എന്ന് രേഖപ്പെടുത്തിയത്. നൗഷാദിന്റെ വീടിന് സമീപത്തുള്ള ഇര്‍ഷാദ് അഹമ്മദ് പേരിനൊപ്പം പാണ്ഡെ എന്നാണ് കൂട്ടിച്ചേര്‍ത്തത്. അങ്ങനെ ഇര്‍ഷാദ് അഹമ്മദ് പാണ്ഡെയായി. എന്നാല്‍ തങ്ങള്‍ ഹിന്ദുമതത്തിലേക്ക് മാറിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
നൗഷാദിനെയും ഇര്‍ഷാദിനെയും പോലെ നിരവധി പേരാണ് പേരിനൊപ്പം മിശ്ര, പാണ്ഡെ, തിവാരി എന്നിങ്ങനെ ബ്രാഹ്മണ കുടുംബപേരുകളും ചേര്‍ത്തിട്ടുള്ളത്. രണ്ട് വര്‍ഷം മുമ്പാണ് ഞങ്ങളുടെ യഥാര്‍ത്ഥ വംശപരമ്പരയെക്കുറിച്ച് അറിഞ്ഞത്. ഹിന്ദുക്കളായ ഞങ്ങള്‍ ഏതാനും തലമുറകള്‍ക്ക് മുമ്പേ മതംമാറിയതാണ്. തന്റെ വേരുകള്‍ അന്വേഷിച്ചപ്പോള്‍, പൂര്‍വികനായ ലാല്‍ ബഹദൂര്‍ ദുബെ എട്ട് തലമുറകള്‍ക്ക് മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. നൗഷാദ് അഹമ്മദ് പറയുന്നു.
'വംശപരമ്പരയെക്കുറിച്ച് അറിഞ്ഞ ശേഷം, പേരിനൊപ്പം യഥാര്‍ത്ഥ കുടുംബപ്പേര് 'ദുബെ' എന്ന് ചേര്‍ക്കാന്‍ തീരുമാനിച്ചു,' ഇപ്പോള്‍ ഗോ ഭക്തനും ഗോ സേവകനും (പശു സംരക്ഷകന്‍) ആയി മാറിയ നൗഷാദ് വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ ദുബെ എന്ന കുടുംബപ്പേര് സ്വീകരിച്ചിട്ടില്ല. ഷെയ്ഖ്, പത്താന്‍, സയ്യദ്, മിര്‍സ തുടങ്ങിയ പേരുകള്‍ യഥാര്‍ത്ഥ കുടുംബപ്പേരുകളല്ലെന്നും അവ വിദേശത്തു നിന്നും വന്നതാണെന്നും ദുബെ എന്ന് പേരിനൊപ്പം ചേര്‍ത്ത ഇസ്രാര്‍ അഹമ്മദ് പറഞ്ഞു.
ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നോ ഗള്‍ഫില്‍ നിന്നോ വന്നവരല്ല. ഏത് സാഹചര്യത്തിലാണ് പൂര്‍വ്വികര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് അറിയില്ല. ഹിന്ദു സഹോദരങ്ങളുമായി യോജിച്ച് സമാധാനപരമായി ജീവിക്കാന്‍ നമുക്ക് യഥാര്‍ത്ഥ കുടുംബപ്പേരുകള്‍ ഉപയോഗിക്കാം. ഇസ്രാര്‍ അഹമ്മദ് ദുബെ അഭിപ്രായപ്പെട്ടു. ശ്രീരാമന്‍ ഒരു ഹിന്ദു ദേവന്‍ മാത്രമല്ല, ഇന്ത്യയുടെ ആത്മീയ അഭിവൃദ്ധിയുടെ പ്രതീകമാണ്, ഒരു ഏകീകരണ ഘടകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തിലെ പല മുസ്ലീം പുരുഷന്മാരും ബ്രാഹ്മണ കുടുംബപ്പേരുകള്‍ സ്വീകരിക്കുകയും പശുക്കളെ പരിപാലിക്കാന്‍ തുടങ്ങുകയും ചെയ്തതായി ഗ്രാമത്തലവന്‍ ഫര്‍ഹാന്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക