'കാറ്റ് വന്ന് തലോടുമ്പോള്‍ സ്റ്റാലിനെ വാരിപ്പുണരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്'; കൊല്ലത്തുണ്ട്, റഷ്യന്‍ വിപ്ലവകാരിക്കൊരു പ്രണയിനി

''ഞാന്‍ ജനിക്കുന്നതിന് മുമ്പേ ഭൂമി വിട്ടുപോയ ഒരാളെയാണ് ഞാന്‍ പ്രണയിക്കുന്നത്. എനിക്കൊരു ദുഃഖമുണ്ട് അതില്‍. ഒരിക്കലും പരിഹരിക്കപ്പെടാനാവാത്ത ദുഃഖമാണത്.''
photo of yamuna daivathal and joseph stalin
കടലിന്റെ ചുവപ്പു നിറം മാറുമ്പോള്‍ ഞാന്‍ സ്റ്റാലിനെ ഓര്‍ക്കുന്നു
Updated on

''പ്രണയം പൂത്തുലഞ്ഞ് വസന്തമാകും....കടലിന്റെ ചുവപ്പു നിറം മാറുമ്പോള്‍ ഞാന്‍ സ്റ്റാലിനെ ഓര്‍ക്കുന്നു...ആകാശത്തിന്റെ നിറം ചുവപ്പാകുമ്പോള്‍ ഞാന്‍ സ്റ്റാലിനെ ഓര്‍ക്കുന്നു...ചെറിയ കാറ്റെന്നെ വന്ന് തഴുകുമ്പോള്‍ ഞാന്‍ ജോസഫ് സ്റ്റാലിനെ വാരിപ്പുണരാന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന് വേണ്ടി ഇന്നും എന്റെ ഉള്ളില്‍ ഒരു റോസാപ്പൂവുണ്ട്. ഒരുചുവന്ന നക്ഷത്രം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം ഒരു ഫാന്റസിയാണ്. കാരണം ഞാന്‍ ജനിക്കുന്നതിന് മുമ്പേ ഭൂമി വിട്ടുപോയ ഒരാളെയാണ് ഞാന്‍ പ്രണയിക്കുന്നത്. എനിക്കൊരു ദുഃഖമുണ്ട് അതില്‍. ഒരിക്കലും പരിഹരിക്കപ്പെടാനാവാത്ത ദുഃഖമാണത്. അത് എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ്...'' കൊല്ലം അഞ്ചാലുംമൂടില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് ചാമ്പക്കാച്ചുവപ്പുള്ള സൂര്യന്‍ ഉദിച്ചുയരുന്നത് കണ്ട് വളര്‍ന്ന യമുന ദൈവത്താള്‍. സ്റ്റാലിനോടുള്ള തന്റെ പ്രണയം പറയുമ്പോള്‍ എഴുത്തുകാരിയും സഞ്ചാരിയുമായ യമുന ദൈവത്താളിന് വാക്കുകള്‍ പുഴ പോലെ പ്രവഹിക്കുകയാണ്.

യമുന ദൈവത്താള്‍ ജനിക്കുന്നതിനും മുമ്പേ റഷ്യന്‍ വിപ്ലവവും സ്റ്റാലിന്‍ യുഗവും ഒക്കെ അവസാനിച്ചിരുന്നു. പക്ഷേ, കുട്ടിക്കാലം തൊട്ടേ സ്റ്റാലിനെക്കുറിച്ചുള്ള പുസ്തകങ്ങളും റഷ്യന്‍ സംസ്‌കാരവുമൊക്കെ യമുനയെ സ്വാധീനിച്ചു. തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് യമുന ആദ്യമായി സ്റ്റാലിന്റെ ഫോട്ടോ കാണുന്നത്. ഒറ്റ കാഴ്ചയില്‍ തന്നെ, കൊച്ചുകുട്ടിയായ യമുന സ്റ്റാലിനെ ഇഷ്ടപ്പെട്ടു. സ്റ്റാലിനെക്കുറിച്ച് അറിയാനുള്ള വെമ്പലായിരുന്നു പിന്നീടിങ്ങോട്ട്. അങ്ങനെ റഷ്യന്‍ സാഹിത്യവും സിനിമകളും കലാരൂപങ്ങളും ഒക്കെ സ്റ്റാലിനൊപ്പം യമുനയില്‍ ആഴത്തില്‍ പതിഞ്ഞു. കൗമാരത്തില്‍ എത്തിയപ്പോഴേക്കും അത് പ്രണയമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ 58 വയസിലും ജോസഫ് സ്റ്റാലിനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.

photo of yamuna daivathal
യമുന ദൈവത്താള്‍

സ്റ്റാലിനെക്കുറിച്ച് യമുനക്ക് പറയാനേറെയുണ്ട്, ''ഞാന്‍ ആദ്യം പ്രണയിച്ചത് ജോസഫ് സ്റ്റാലിനെയാണ്. ലെനിന് ശേഷം റഷ്യയെ നയിച്ച ധീരനായ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് വായിച്ചതും അറിഞ്ഞതുമെല്ലാം അദ്ദേഹത്തോട് ആരാധന തോന്നുന്നതായിരുന്നു. ഞാന്‍ ജനിക്കുന്നതിനും മുമ്പേ ജീവിച്ചു മരിച്ചുപോയ അദ്ദേഹത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്. പട്ടാള വേഷത്തില്‍ അദ്ദേഹത്തിന്റെ ആകാരസൗഷ്ടമായ സൗന്ദര്യമാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്. ആരെയും ഇഷ്ടപ്പെടുത്തുന്ന ആ സൗന്ദര്യമാണ് എന്നെ ആകര്‍ഷിച്ചത്. അമ്മയുടെ നാട്ടില്‍ കൃഷിയൊക്കെയുണ്ടായിരുന്നു. അന്ന് വെക്കേഷന്‍ സമയത്ത് അവിടെയുള്ള നെല്‍പ്പുരയില്‍ എല്ലാ രാത്രിയിലും കുറെയധികം ചെറുപ്പക്കാര്‍ എത്തുകയും സംസാരങ്ങള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. അമ്മയോട് ചോദിക്കുമ്പോള്‍ കുട്ടികള്‍ അതൊന്നും അറിയണ്ടെന്നായിരുന്നു അവരുടെ മറുപടി. ആരും ഇല്ലാത്ത സമയത്ത് അതിനകത്ത് കയറിയപ്പോള്‍ കുറെ ചുവന്ന തോരണങ്ങളും കൊടികളും പേപ്പറുകളുമൊക്കെയുമാണ് കണ്ടത്. ആ മുറിയുടെ ഭിത്തിയില്‍ ഏംഗല്‍സ്,ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രമാണ് കണ്ടത്. അതാരാണെന്ന് കുട്ടിയായ എനിക്കറിയില്ലായിരുന്നു. അപ്പൂപ്പനാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ചുവന്ന കൊടിയെക്കുറിച്ചും ഫോട്ടോയെക്കുറിച്ചും ഒക്കെ അന്വേഷിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രണയിനിയായി ഞാന്‍ കുറെക്കാലം ഫാന്റസി ലോകത്ത് ജീവിക്കുകയും ചെയ്തത്.

 യമുന ദൈവത്താള്‍
യമുന ദൈവത്താള്‍

''മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി പ്രാക്ടിക്കലായിരുന്നു അദ്ദേഹം. ചെഗുവേരയോട് പലര്‍ക്കും ഒരിഷ്ടമുണ്ടാകാം. പക്ഷേ, ഒരു വര്‍ഷം മാത്രമേ ആ ഇഷ്ടം നിലനിന്നുള്ളൂ. രക്തരൂക്ഷിതമായ വിപ്ലവത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല.''

കോളജ് കാലത്ത് ആണ് റഷ്യയെക്കുറിച്ച് ഏറ്റവും കൂടുതല്‍ വായിക്കുന്നത്. മനസില്‍ സുന്ദരമായ മഹത്തരമായ രാജ്യമെന്നത് എന്നും സോവിയറ്റ് റഷ്യയായിരുന്നു. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിന്‍ ജീവിച്ചു വന്ന സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ അഭിപ്രായം പറയാറുണ്ട്. റഷ്യയില്‍ തന്നെ എതിരാളികള്‍ ഉണ്ട്. മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി പ്രാക്ടിക്കലായിരുന്നു അദ്ദേഹമെന്നും യമുന ദൈവത്താള്‍ പറയുന്നു. ചെഗുവേരയോട് പലര്‍ക്കും ഒരിഷ്ടമുണ്ടാകാം. പക്ഷേ, ഒരു വര്‍ഷം മാത്രമേ ആ ഇഷ്ടം നിലനിന്നുള്ളൂ. രക്തരൂക്ഷിതമായ വിപ്ലവത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല'', യമുന പറയുന്നു.

കവിതകളും ചെറുകഥകളും കഥകളുമൊക്കെ എഴുതിയ യമുന ഒരു ഇന്ത്യന്‍ സഞ്ചാരികൂടിയാണ്. ഒറ്റക്ക് മൂന്ന് തവണ ഇന്ത്യ മുഴുവനും ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. പരിനിരീക്ഷണവും ഫോട്ടോഗ്രാഫിയും ഒക്കെ യമുനയുടെ ഇഷ്ടങ്ങളാണ്. വീണയും ചെണ്ടയുമൊക്കെ പഠിച്ചിട്ടുണ്ട് ഇവര്‍. നിരവധി മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റുകള്‍ ഇവര്‍ക്കുണ്ട്. കോയമ്പത്തൂരില്‍ സ്വന്തമായി നെയ്ത്ത് യൂണിറ്റുണ്ട്. ചെന്നൈയില്‍ ഓട്ടോമൊബൈല്‍ ഷോപ്പും ഉള്ള യമുനക്ക് കൃഷിയും പ്രിയമുള്ളത് തന്നെ. തെങ്കാശിയില്‍ കൃഷിഭൂമിയിലെത്തുമ്പോള്‍ യമുന ഇതിനേക്കാളൊക്കെ സന്തോഷവതിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com