

ന്യൂഡല്‍ഹി: ആവശ്യത്തിലധികം വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി കിട്ടാതെ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കൊരു പ്രചോദനമാണ് ലണ്ടനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി അദിതി കുജേന്ദ്ര. തന്റെ തൊഴിലന്വേഷണത്തിന്റെ ഞെട്ടിക്കുന്ന കഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദിതി.
നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദിതി ലണ്ടനില്‍ 2000ത്തിലധികം ജോലിയ്ക്കാണ് ഇതിനകം അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഒന്നു പോലും സ്വീകരിക്കപ്പെട്ടിട്ടില്ല. തൊഴിലന്വേഷണത്തെക്കുറിച്ചുള്ള യാത്രയുടെ വിശദമായ വിഡിയോയാണ് അദിതി പങ്കുവെച്ചിരിക്കുന്നത്. ''ഞാന്‍ ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയില്‍ നിന്നുമാണ് നിയമം പഠിച്ചത്. 2024ല്‍ എല്‍എല്‍എം ബിരുദം നേടി. 2024 മാര്‍ച്ച് മുതല്‍ എന്റെ ജോലി അന്വേഷണം ആരംഭിച്ചു. ഇന്നും അത് തുടരുകയാണ് '', അദിതി പറയുന്നു.
കഠിനാധ്വാനം ചെയ്‌തെന്നും പുസ്തകത്തില്‍ പറയുന്ന രീതിയില്‍ എല്ലാം ചെയ്‌തെന്നും അദിതി പറയുന്നു. എന്നാല്‍ ജോലിക്കായുള്ള അലച്ചിലില്‍ ഒന്നും സഹായിച്ചില്ലെന്നാണ് അദിതി പറയുന്നത്. റസ്റ്റോറന്റുകളിലും ബാറുകളിലും കഫേകളിലുമൊക്കെ തന്റെ ബയോഡേറ്റ കൊടുത്തു. അങ്ങനെ നൂറിലധികം അപേക്ഷകളാണ് നേരിട്ട് കൊണ്ടുപോയി കൊടുത്തത്. എന്നിട്ടും രക്ഷയില്ല. ഒടുവില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ഷിഫ്റ്റ് ലീഡല്‍ എന്ന സ്ഥാനത്തേയ്ക്ക് അപേക്ഷിച്ചിട്ടും രക്ഷയില്ലാതായ അദിതി തിരികെ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
റായ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. എന്നാല്‍ ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്ന് വിശ്വസിക്കുന്നുവെന്നും നിരസിക്കലുകളെല്ലാം പരാജയത്തിന്റെ ലക്ഷണമല്ലെന്നും മറിച്ച് വലിയ മറ്റൊന്നിലേയ്ക്കുള്ള പ്രേരണയായിരിക്കാമെന്നുമാണ് അദിതി വിഡിയോയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അദിതി പങ്കുവെച്ച സ്വന്തം അനുഭവം വൈറലായി. നൂറ് കണക്കിന് ആളുകള്‍ കമന്റ് ചെയ്തു. നിരവധി ആളുകള്‍ സമാനമായ അനുഭവം വിഡിയോയ്ക്ക് താഴെ കമന്റില്‍ രേഖപ്പെടുത്തി. വിദേശ രാജ്യത്തുനിന്നുള്ളവര്‍ക്ക് ലണ്ടനില്‍ ജോലി കണ്ടെത്താന്‍ പ്രയാസമാണെന്ന് ചിലര്‍ കുറിച്ചു. യുകെയിലെ ഇമിഗ്രേഷന്‍ നയങ്ങളില്‍ അടുത്ത കാലത്തായി വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ തുടരാമായിരുന്നു. പിഎച്ച്ഡി ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം കൂടി അവിടെ തങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് യുകെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates