ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ബാഴ്‌സ് സെമിയില്‍ കടന്നേനെ

കാംപ് ന്യൂവില്‍ അത്ഭുതം വീണ്ടുമുണ്ടാകുമെന്ന ബാഴ്‌സയുടെ പ്രതീക്ഷ യുവന്റസിന്റെ പ്രതിരോധക്കോട്ട തകര്‍ത്തു
ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ബാഴ്‌സ് സെമിയില്‍ കടന്നേനെ

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ബൊനൂച്ചിയും ചെല്ലീനിയും നയിച്ച യുവന്റസ് പ്രതിരോധം നേരിയ പഴുതു പോലും എംഎസ്എന്‍ സഖ്യത്തിന് നല്‍കിയില്ല. കാംപ് ന്യൂവില്‍ പിഎസ്ജിയെ തോല്‍പ്പിച്ച അത്ഭുതം കാറ്റലന്‍ ടീം യുവന്റസിനെതിരേയും പ്രതീക്ഷിച്ചതു സത്യം. എന്നാല്‍, കാര്യങ്ങള്‍ കടുകട്ടിയായിരുന്നു. 

പൂര്‍ണമായും ആക്രമിച്ചു കളിക്കാന്‍ നിര്‍ദേശം ലഭിച്ച ബാഴ്‌സ നിര ഗോള്‍ ബോക്‌സിനു മുന്നില്‍ നിരന്തരം പന്തെത്തിച്ചു. മറുഭാഗത്താകട്ടെ, ഏതു മലവെള്ളപ്പാച്ചിലും തടയാന്‍ പോന്ന ഉരുക്കു കോട്ടയാണ് യുവന്റസ് കെട്ടിയത്. 90 മിനുട്ട് ഗോളടിക്കാതെയും ഗോളടിപ്പിക്കാതെയും നിന്ന യുവന്റസ് 12മതും ചാംപ്യന്‍സ് ലീഗ് സെമിയിലേക്ക് കടന്നു. ബാഴ്‌സലോണ പുറത്തായി എന്നു പറയുന്നതാകും കൂടുതല്‍ ശരി.

ഒന്നാം പാദത്തില്‍ മൂന്ന് ഗോളിന്റെ ലീഡുമായി കാംപ് ന്യൂവില്‍ വന്ന് നേരിട്ട യുവന്റസിന് മുന്നില്‍ ബാഴ്‌സയ്ക്ക് അഞ്ച് കാര്യങ്ങളാണ് പിഴച്ചത്.

മിന്നല്‍ ഒരു തവണ മാത്രമേ വരൂ
ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും മികച്ച തിരിച്ചുവരവാണ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കെതിരേ ബാഴ്‌സലോണ നടത്തിയത്. ആദ്യ പാദത്തില്‍ നാല് ഗോളുകള്‍ക്ക് തോറ്റ ബാഴ്‌സ രണ്ടാം പാദത്തില്‍ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ജയിച്ചത്. ഇതേ സാഹചര്യം തന്നെയായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെതിരേയും. ആദ്യ പാദത്തില്‍ മൂന്ന് ഗോളുകള്‍ക്ക് തോറ്റ ബാഴ്‌സ വീണ്ടും ഒരു അത്ഭുതം കാണിക്കില്ലെന്ന് ആരു കണ്ടു എന്നാണ് പരിശീലകനായ എന്റിക്വ രണ്ടാം പാദത്തിന് മുമ്പ് അഭിപ്രായപ്പെട്ടത്. 

എന്നാല്‍ ഇത്തവണ അത് ഏറ്റില്ല. പ്രതിരോധത്തില്‍ പിഎസ്ജിയെക്കാളും എത്രയോ മടങ്ങ് ശക്തിയുള്ള ഇറ്റാലിയന്‍ ക്ലബ്ബിന്റെ കോട്ടപൊട്ടിക്കാന്‍ ബാഴ്‌സ ആവതു ശ്രമിച്ചെങ്കിലും ഫലം കിട്ടിയില്ല. ചില നീക്കങ്ങളില്‍ കോട്ടയുടെ പഴുതുകളിലൂടെ കടക്കാനായെങ്കിലും ലക്ഷ്യം കാണാനായില്ല. അതെ, ഒരു മിന്നല്‍ഒരു തവണ മാത്രമേ വരൂ.

ദാക്ഷിണ്യമില്ലാത്ത ഡാനി ആല്‍വസ്
താന്‍ ഇനി ഒരിക്കലും ന്യൂ കാംപിലേക്ക് തിരിച്ചു വരില്ലെന്നാണ് മത്സരത്തിന്റെ തൊട്ടമുമ്പ് ബ്രസീല്‍ താരം ഡാനി ആല്‍വസ് പറഞ്ഞത്. എട്ട് വര്‍ഷത്തോളം ടീമിന്റെ നിര്‍ണായക ഘടകമായിരുന്ന ആല്‍വസ് ഈ സീസണിലാണ് ബാഴ്‌സ വിട്ട് യുവന്റസിലെത്തിയത്. ബാഴ്‌സയിലുള്ള ചില ആളുകളുടെ താന്‍പോരിമ എന്നെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ മനസിലാകില്ലെന്നും ആല്‍വസ് പറഞ്ഞു വെച്ചു.

സത്യമായിരുന്നു. ബാഴ്‌സയില്‍ വേണ്ടത്ര ബഹുമാനം ലഭിച്ചിട്ടില്ലെന്ന് ക്ലബ്ബ് വിട്ടയുടന്‍ പ്രഖ്യാപിച്ച ഡാനി ആല്‍വസ് യുവന്റസിന് വേണ്ടി രണ്ട് പാദങ്ങളിലും ബാഴ്‌സയ്‌ക്കെതിരേ കളിച്ചത് ഒരു തരം വാശിയോടെയായിരുന്നു. ബാഴ്‌സയുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്നതിന് ശാരീരകമായും മാനസികമായും ആല്‍വസ് കളം നിറഞ്ഞു കളിച്ചു. ബാഴ്‌സലോണയെ സംബന്ധിച്ച് ഈ രീതിയിലുള്ള ഒരു കളിക്കാരന്റെ അഭാവം സൃഷ്ടിച്ച വിടവ് വലുതായിരുന്നു. അങ്ങനെയാണ് ഡാനി ബാഴ്‌സയുടെ നഷ്ടവും യുവന്റസിന്റെ നേട്ടവുമായി മാറുന്നത്.

വിമോചകനാകാത്ത നെയ്മര്‍
കഴിഞ്ഞ മാസം പിഎസ്ജിക്കെതിരായ മത്സരത്തില്‍ നെയ്മറായിരുന്നു ബാഴ്‌സയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത്. തോല്‍വിയുടെ പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്ന ബാഴ്‌സയെ നെയ്മര്‍ തന്റെ പ്രതിഭകൊണ്ട് കൈപിടിച്ചു കയറ്റുകയായിരുന്നു.

മെസ്സിക്ക് മാര്‍ക്കിംഗ് ഉണ്ടാകും. നെയ്മര്‍ ടീമിനെ വീണ്ടും രക്ഷിക്കുമെന്നായിരുന്നു ആരാധകര്‍ കണക്കുകൂട്ടിയിരുന്നത്. നെയ്മറിനെ വിമോചകനായി കണ്ട ആരാധാകര്‍ക്ക് പക്ഷെ യുവന്റസിനെതിരേ പിഴച്ചു. ഓള്‍ ലേഡി പ്രതിരോധത്തില്‍ തട്ടി മുന്നേറ്റം തകരുമ്പോള്‍ നെയ്മര്‍ കുപിതനായി. റഫറിയുടെ തീരുമാനങ്ങളെ അയാള്‍ ചോദ്യം ചെയ്തു. ബോക്‌സിന് മുന്നിലെത്തുമ്പോള്‍ അയാള്‍ നിസഹായനായി. അതോടെ അയാള്‍ വിമോചകനല്ലാതെയുമായി.

മലപോലുള്ള യുവന്റസ് പ്രതിരോധം
ലിയണാര്‍ഡോ ബൊനൂച്ചിയും ജിയോര്‍ജിയോ ചെല്ലീനിയും സെന്‍ട്രല്‍ ഡിഫന്‍സ് കൈകാര്യം ചെയ്യുന്നടത്തോളം യുവന്റസ് പ്രതിരോധം മലപോലെയായിരിക്കും ഒരു പക്ഷെ. പന്തുമായി വരുന്ന ബാഴ്‌സ മുന്നേറ്റത്തിനോടെ നിരന്തരം കലഹിച്ചു കൊണ്ട് ഇവര്‍ ലളിതമായി പന്ത് റാഞ്ചിയെടുത്ത് തങ്ങളുടെ ബുദ്ധികൂര്‍മത കാണിച്ചു കൊണ്ടേയിരുന്നു. പൊസിഷനിംഗില്‍ അപാര മികവ് പുലര്‍ത്തിയ ഈ രണ്ട് താരങ്ങള്‍ക്കുമാണ് യുവന്റസിന്റെ സെമി പ്രവേശനത്തിനുള്ള മുഴുവന്‍ ക്രെഡിറ്റും. ഇതോടൊപ്പം കളി തീരാന്‍ 15 മിനുട്ട് മാത്രം ശേഷിക്കേ ഡിബാലയെ പിന്‍വലിച്ചു ബര്‍സാഗ്ലിയെ ഇറക്കിയത് യുവന്റസ് കോട്ട കൂടുതല്‍ ശക്തമാവുകയും ബാഴ്‌സ മുന്നേറ്റത്തിന് മുമ്പില്‍ കോട്ടവാതില്‍ അടക്കുകയും ചെയ്തു.

ഡിബാല എന്ന മിടുക്കന്‍
ഇടത് കാല്‍ കൊണ്ട് പന്തിനെ കൈകാര്യം ചെയ്യുന്ന ഡിബാല ഇതിനോടകം തന്നെ മെസ്സിയുടെ പിന്‍ഗാമിയെന്ന് ലോകം വിലയിരിത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഡിബാലയ്ക്ക് പലതും കാത്തു വെച്ചിട്ടുണ്ടാകും തീര്‍ച്ച. ബാഴ്‌സയുമായുള്ള ഒന്നാം പാദത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ടീമിനെ ജയത്തിലേക്ക് നയിച്ച ഡിബാല രണ്ടാം പാദത്തില്‍ പക്ഷെ അത്ര തിളങ്ങാനായില്ല. പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതായിട്ടുണ്ടാകില്ല അയാള്‍ ഒരു പക്ഷെ. പന്ത് പിന്തുടരുന്നതില്‍ പലപ്പോഴും ഡിബാല പരാജയപ്പെട്ടു. എങ്കിലും യുവന്റസ് മുന്നേറ്റം ഈ 23 കാരന്റെ കയ്യില്‍ സുരക്ഷിതമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com