നെയ്മറിനെ 'പറിച്ചുമാറ്റി' ബാഴ്‌സ; രോഷമടക്കാതെ ആരാധകര്‍

നെയ്മറിനെ 'പറിച്ചുമാറ്റി' ബാഴ്‌സ; രോഷമടക്കാതെ ആരാധകര്‍

ബാഴ്‌സലോണ: കാര്യങ്ങളൊക്കെ ഏകദേശം തീരുമാനമായ സ്ഥിതിക്കു നെയ്മറിനെ 'വെച്ചുകൊണ്ടിരിക്കേണ്ട' കാര്യം ബാഴ്‌സലോണയ്ക്കില്ല. നെയ്മറിനെ എത്രെയും വേഗം ക്ലബ്ബില്‍ നിന്നും പറിച്ചുമാറ്റാന്‍ കാറ്റലന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതിലും കുറ്റം പറയാന്‍ പറ്റില്ല. നെയ്മര്‍ ഇനി പിഎസ്ജിയുടെ താരമാണ്. അതുകൊണ്ട് നെയ്മറിന്റെ ഒരു ഓര്‍മയും ക്ലബ്ബില്‍ വേണ്ടെന്നാണ് ബാഴ്‌സയുടെ തീരുമാനം.

ഇതിന്റെ ആദ്യപടിയായി ബാഴ്‌സയുടെ സ്റ്റേഡിയമായ നൗകാമ്പില്‍ നിന്നും നെയ്മറിന്റെ ഫോട്ടോകളുള്ള ടീമിന്റെ പ്രമോഷണല്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു. ജപ്പാന്‍ കമ്പനി റാകുട്ടന്‍ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായതിനു ശേഷം അവരുടെ പേരുള്ള ജെഴ്‌സിയിട്ടു നെയ്മറും മെസിയുമടങ്ങുന്ന താരങ്ങളുടെ ചിത്രമാണ് ആദ്യം നൗകാമ്പിന്റെ ചുമരുകളിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഈ പോസ്റ്ററുകള്‍ മാറ്റി നെയ്മറിന്റെ ചിത്രമില്ലാത്ത പോസ്റ്ററുകള്‍ പതിപ്പിച്ചു.

ജെറാര്‍ഡ് പിക്വ, ലൂയിസ് സുവാരസ്, ലയണല്‍ മെസി, ആന്ദ്രെ ഇനിയെസ്റ്റ, സെര്‍ജിയോ ബുസ്‌ക്വിറ്റസ് എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്. ഇതോടൊപ്പം തന്നെ നെയ്മറിന്റെ പേരുള്ള 11ാം നമ്പര്‍ കുപ്പായം ബാഴ്‌സയുടെ ഔദ്യോഗിക സ്‌റ്റോറില്‍ നിന്നും വില്‍പ്പന നിര്‍ത്തി. 

ബാഴ്‌സയ്ക്കു വേണ്ടി 186 മത്സരങ്ങളില്‍ നിന്ന് 105 ഗോളുകള്‍ നേടി താരം ടീം വിടുന്നതില്‍ കാറ്റലന്‍ ആരാധകര്‍ രോഷത്തിലാണ്. ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിരയില്‍ നിര്‍ണായക മായിരുന്ന നെയ്മര്‍ പോകുന്നതോടെ ടീമിന്റെ ബാലന്‍സിങ് പോകുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

അതേസമയം, സമ്മര്‍ ട്രാന്‍സഫര്‍ വിപണിയില്‍ ഇതുവരെ കാര്യമായ ഇടപെടലുകള്‍ നടത്തി മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്കു സാധിച്ചിട്ടില്ലെന്നും ആരാധകരെ ആശങ്കയിലാക്കുന്നു. മാര്‍ക്കോ വരാറ്റി, കുട്ടീഞ്ഞോ, ഡെംബലെ തുടങ്ങിയ താരങ്ങള്‍ക്കായി ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഫലം ലഭിച്ചിട്ടില്ല. ബദ്ധവൈരികളായ റയല്‍മാഡ്രിഡ് ട്രാന്‍സ്ഫര്‍ സീസണില്‍ ഒരുപിടി മികച്ച യുവതാരങ്ങളെ ടീമിലെത്തിച്ചതും മോര്‍ ദാന്‍ എ ക്ലബ്ബ് ആരാധകര്‍ക്കു സഹിച്ചിട്ടില്ല. 

ഏകദേശം 1,700 കോടി രൂപയ്ക്കു ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമായി നെയ്മര്‍ അഞ്ചു വര്‍ഷത്തെ കരാറൊപ്പുവെച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നികുതികഴിഞ്ഞു പ്രതിവാരം 515,000 പൗണ്ടാണ് നെയ്മറിനു പിഎസ്ജി ശമ്പളമായി നല്‍കുക. നാല് കോടി രൂപയ്ക്കു മുകളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com