കുട്ടീഞ്ഞോയെ നോട്ടമിടുന്ന ബാഴ്‌സയ്ക്കു റൊണാള്‍ഡീഞ്ഞോയുടെ മുന്നറിയിപ്പ്

കുട്ടീഞ്ഞോയെ നോട്ടമിടുന്ന ബാഴ്‌സയ്ക്കു റൊണാള്‍ഡീഞ്ഞോയുടെ മുന്നറിയിപ്പ്

ബാഴ്‌സലോണ: ബ്രസീല്‍ താരം നെയ്മര്‍ ക്ലബ്ബ് വിട്ടതോടെ ഈ സ്ഥാനത്തേക്ക് പറ്റിയൊരു താരത്തെ തപ്പി നടക്കുകയാണ് ബാഴ്‌സലോണ. ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയെയാണ് ബാഴ്‌സ നെയ്മറിനു പകരക്കാനായി ഏറ്റവും പരിഗണിക്കുന്നത്. എന്നാല്‍, കുട്ടീഞ്ഞോയെ വാങ്ങുന്നതിനു ബാഴ്‌സയ്ക്കു മുന്നറിയിപ്പുമായി ബാഴ്‌സയുടെ മുന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യത്തില്‍ ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കിയ കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ബാഴ്‌സ വന്‍തുക മുടക്കേണ്ടി വരുമെന്നാണ് റൊണാള്‍ഡീഞ്ഞോയുടെ അഭിപ്രായം. കഴിഞ്ഞ സീസണില്‍ ബ്രസീല്‍ താരം കൂടിയായ കുട്ടീഞ്ഞോയുടെ മികവ് പ്രകടമായ സ്ഥിതിക്കു താരത്തിന്റെ മൂല്യം ലിവര്‍പൂളിനു കൃത്യമായി അറിയാമെന്നും വന്‍തുക നല്‍കാതെ വിട്ടുതരില്ലെന്നുമാണ് റൊണാള്‍ഡീഞ്ഞോ അഭിപ്രായപ്പെട്ടത്.

നെയ്മറിനു പകരക്കാരനാക്കുവാന്‍ യോഗ്യതയുള്ള കുറച്ചു കളിക്കാരാണ് ഇന്ന് ലോകത്തുള്ളത്. 25 കാരനായ കുട്ടീഞ്ഞോ ഇതിനു യോഗ്യനാണ്. എന്നാല്‍, യോര്‍ഗന്‍ ക്ലോപ്പിനു കുട്ടീഞ്ഞോയുടെ കാര്യത്തില്‍ കൃത്യമായ പദ്ധതികളുണ്ടാകും. ഈ പദ്ധതികള്‍ അവതാളത്തിലാക്കി താരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്കു വിയര്‍ക്കേണ്ടി വരുമെന്നാണ് 2003 മുതല്‍ 2008 വരെ ബാഴ്‌സക്കു വേണ്ടി കളിച്ച റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കിയത്.

കുട്ടീഞ്ഞോ, ഓസില്‍, ഡെംബലെ, എംബപെ, ഡി മരിയ എന്നീ താരങ്ങളെയാണ് ബാഴ്‌സ നെയ്മറിനു പകരക്കാരനായി നോട്ടമിടുന്നത്. 222 ദശലക്ഷം യൂറോയ്ക്കു നെയ്മറെ വില്‍പ്പന നടത്തിയ ബാഴ്‌സലോണയുടെ സാമ്പത്തികം എന്താണെന്ന് ബാക്കിയുള്ള ക്ലബ്ബുകള്‍ക്ക് ഇപ്പോള്‍ കൃത്യമായ ധാരണയുണ്ടാകും. അതുകൊണ്ടു തന്നെ അവരുടെ താരങ്ങള്‍ക്കു വലിയ വില നല്‍കേണ്ടി വരുമെന്നും മുന്‍ലോക ഫുട്‌ബോളര്‍ കൂടിയായ താരം കാറ്റലന്‍സിനു മുന്നറിയിപ്പു നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com