ഇതല്ല, ഇന്ത്യ എതിര്‍ക്കുന്ന പാക്കിസ്ഥാന്‍ ടീം ഇങ്ങനല്ല!!

ഇതല്ല, ഇന്ത്യ എതിര്‍ക്കുന്ന പാക്കിസ്ഥാന്‍ ടീം ഇങ്ങനല്ല!!

വെറുക്കാനുള്ള ഇഷ്ടം. അതാണ്, ഇന്ത്യക്കാര്‍ക്ക് പാക്കിസ്ഥാനോടുള്ളത്. അത് എന്തെങ്കിലും കാര്യത്തില്‍ മുഖാമുഖം വരുമ്പോഴാണെങ്കില്‍ പ്രത്യേകിച്ച്. ഉദാഹരണത്തിന് ക്രിക്കറ്റ് മൈതാനത്താണെങ്കിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണെങ്കിലും. വെറുപ്പിന് ഒരു കുറവും ഇല്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി മത്സരത്തിനു ശേഷം ഇന്ത്യക്കാര്‍ക്കൊരു സംശയം. അതായത്, തങ്ങള്‍ ഇത്രയേറെ ദേഷ്യപ്പെടുന്നത് ഈ പാക്കിസ്ഥാനെയാണോ എന്ന്. ദേഷ്യപ്പെടാന്‍ പോലും ഇല്ലല്ലോ എന്ന  ഒരു ഇത്. കട്ടക്കു കട്ടക്കു നില്‍ക്കുന്ന പാക്കിസ്ഥാന്‍ ടീമിനെ വെറുക്കാനാണ് ഇന്ത്യക്കാരന് ഇഷ്ടം. എഡ്്ഗ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒരു വെല്ലുവിളി പോലും നല്‍കാതെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ കീഴടങ്ങിയത്.

പൊട്ടാത്ത പടക്കങ്ങള്‍
ജാവേദ് മിയാന്‍ദാദ്, വസീം അക്രം, വഖാര്‍ യൂനുസ് തുടങ്ങിയ പാക്കിസ്ഥാന്‍ സൂപ്പര്‍ താരനിരയെ സമാധാന വക്താക്കളായി ക്രിക്കറ്റ് ലോകം കാണുമ്പോള്‍ അടുത്തിടെ വിരമിച്ച യൂനുസ് ഖാന്‍, മിസ്ബാഹുല്‍ ഹഖ് എന്നിവരായിരുന്ന പോരാട്ട വീര്യത്തിന്റെ വക്താക്കളാകുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ആദ്യം പറഞ്ഞ താരങ്ങള്‍ക്കുള്ള പേരോ പ്രശസ്തിയോ ഇല്ലെങ്കിലും കളത്തില്‍ നിശ്ചയ ദാര്‍ഢ്യവും പോരാട്ടവും ഇവര്‍ മുഖമുദ്രയാക്കിയിരുന്നു.

മിനി ലോകക്കപ്പെന്ന് അറിയപ്പെടുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പക്ഷെ മറ്റൊരു പാക്കിസ്ഥാനെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്. യുവാക്കളാണെന്നും ലോക ക്രിക്കറ്റില്‍ ഇതുവരെ അറിയപ്പെടാത്തവരാണെന്നും പറഞ്ഞ് ആരാധകര്‍ക്ക് തടിയൂരാം.

ഹസന്‍ അലി, ശാദബ് ഖാന്‍, ഇമാദ് വസീം എന്നിവരൊക്കെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പിച്ചവെച്ചു തുടങ്ങുന്നവരാണ്. 


പരിവര്‍ത്തനം
സീനിയര്‍ താരങ്ങളെല്ലാം കളി നിര്‍ത്തിയതോടെ പരിവര്‍ത്തനത്തിലൂടെയാണ് പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫിക്കെത്തിയിരിക്കുന്നത്. ടീമിന്റെ വീര്യം പതിയെ യുവതാരങ്ങളിലേക്കെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


തലയില്ലാതെ വാല്‍ മാത്രം
ഇത്രയും പ്രതിസന്ധിയുണ്ടെങ്കില്‍ പോലും ഒരു മികച്ച ക്യാപ്റ്റന് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കും. സര്‍ഫ്രാസ് അഹ്മദിന്റെ പ്രതിഭയുടെ കാര്യത്തില്‍ മികവുണ്ടെങ്കിലും ക്യാപ്റ്റന്‍ എന്ന കാര്യത്തില്‍ സര്‍ഫ്രാസ് കൃത്യമായ ഉത്തരമല്ല.

യുവതാരങ്ങളുടെ കാര്യത്തില്‍ ഇളവ് നല്‍കാമെങ്കിലും ഷുഹൈബ് മാലിക്ക്, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ്, അസ്ഹര്‍ അലി, അഹ്മദ് ഷഹ്‌സാദ് എന്നീ താരങ്ങള്‍ക്ക് യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ സാധിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com