ഇന്ത്യ-പാക്ക് പോരാട്ടത്തിന് 'മുളക് തേക്കാന്‍' ഇത്തവണ മോക്ക മോക്ക ഇല്ല; പുതിയ പരസ്യവുമായി സ്റ്റാര്‍സ്‌പോര്‍ട്‌സ്

ഇന്ത്യ-പാക്ക് പോരാട്ടത്തിന് 'മുളക് തേക്കാന്‍' ഇത്തവണ മോക്ക മോക്ക ഇല്ല; പുതിയ പരസ്യവുമായി സ്റ്റാര്‍സ്‌പോര്‍ട്‌സ്

ന്യൂഡെല്‍ഹി: ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഏറ്റവും ചൂടേറിയ മത്സരം ഏതായിരിക്കും. ഒരു സംശയവും വേണ്ട. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കളിയുടെ ചൂടും ചുണയും വേറെ ലെവലായിരിക്കുമെന്ന് ഉറപ്പ്.

പരമ്പരാഗത വൈരികള്‍ തമ്മില്‍ പോരാടുമ്പോള്‍ കാണികളുടെ ആവേശത്തിനൊട്ടും കുറവുണ്ടാകില്ല. കുറെ കാലമായി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇതിനായി കാത്തിരിക്കുന്ന ആരാധകര്‍ നിരവധിയാണ്. 

ജൂണ്‍ നാല്. ദിവസം ഓര്‍മയില്‍ വെക്കാം. കാരണം, ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും അന്ന് നേര്‍ക്കുനേര്‍ വരും. ദീര്‍ഘകാലത്തിന് ശേഷം ഏറ്റുമുട്ടുമ്പോള്‍ ആവേശത്തിനൊട്ടും കുറവുണ്ടാകില്ലെന്ന് കാണികള്‍ക്കും ഒപ്പം ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനും അറിയാം. 2015 ലോകക്കപ്പ് മുതല്‍ ഇന്ത്യ-പാക്ക് മത്സരങ്ങള്‍ക്ക് പുതിയ പരസ്യം തയാറാക്കി കളിയുടെ വീറും വാശിയും വര്‍ധിപ്പിച്ച് പ്രേക്ഷകരെ പിടിക്കലാണ് സ്റ്റാര്‍സ്‌പോര്‍ട്‌സിന്റെ പണി. മോക്ക മോക്ക ഓര്‍മയില്ലേ. ഇത്തവണ മോക്ക മോക്ക ഇല്ല. പകരം മറ്റൊന്നാണ്.

ലൗകിക ജീവിതം മൊത്തം വെടിഞ്ഞ് ആത്മീയ ജീവിതത്തിലേക്ക് യാത്രയാകാനെത്തുന്ന യുവബിസിനസുകാരന്‍ ഇന്ത്യ പാക്ക് പോരാട്ടത്തിന്റെ പത്രപരസ്യം കാണുന്നതോടെ തിരിച്ച് സാധാരണ ജീവിതത്തിലേക്ക് പോകുന്നതാണ് പരസ്യം. മോക്ക മോക്കയുടെ നാലയലത്തു വരില്ലെങ്കിലും സംഗതി ഫ്രഷ് ഐഡിയ ആണ്.

നിങ്ങള്‍ക്ക് എല്ലാം ഉപേക്ഷിക്കാം, എന്നാല്‍ ഇന്ത്യ പാക്ക് പോരാട്ടം മാത്രം ഉപേക്ഷിക്കാന്‍ പറ്റില്ലെന്നാണ് പരസ്യത്തിന്റെ ക്യാപ്ഷന്‍. 

മോക്ക മോക്ക ഇല്ലേ?
2015 ലോകക്കപ്പ് സമയത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സൂപ്പര്‍ ഹിറ്റായ പരസ്യമാണ് മോക്ക മോക്ക. ലോകക്കപ്പില്‍ പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ നേട്ടം അടിസ്ഥാനമാക്കിയാണ് ഇത് തയറാക്കിയിരിക്കുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകക്കപ്പിലും ഇരുതാരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും ഈ പരസ്യം വീണ്ടും ഇട്ടു. ലോക ട്വന്റി20 മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ഇതിന് കാരണം. 

എന്നാല്‍, ചാംപ്യന്‍സ് ട്രോഫിയിലേക്ക് വരുമ്പോള്‍ പാക്കിസ്ഥാനാണ് ആണ് മേധാവിത്വം. 2004, 2009 ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ പാക്കിസ്ഥാനോട് തോറ്റ് തുന്നംപാടിയിരുന്നു. അപ്പോള്‍ പിന്നെ മോക്ക മോക്ക പരസ്യം പാക്കിസ്ഥാന്‍ ആംഗിളില്‍ കൊടുക്കേണ്ടി വരും. അതിന് ഏതായാലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മുതിര്‍ന്നിട്ടില്ല.

പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ആഫ്രിക്ക എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ചാംപ്യന്‍ ട്രോഫിയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com