ഓപ്പണ്‍ ചെയ്യിക്കാത്തതില്‍ പ്രതിഷേധിച്ച് ടീം വിടാനൊരുങ്ങി ; വിരമിക്കല്‍ ഭീഷണി മുഴക്കി ; രഹസ്യയോഗം ചേര്‍ന്ന് ടീമില്‍ അന്തച്ഛിദ്രത്തിന് ശ്രമിച്ചു ; മിതാലിക്കെതിരെ കൂടുതല്‍ ആരോപണവുമായി കോച്ച്

ടീമിന്റെ താല്‍പ്പര്യത്തേക്കാള്‍ സ്വന്തം റെക്കോഡ് മാത്രമാണ് മിതാലിക്ക് ലക്ഷ്യം
ഓപ്പണ്‍ ചെയ്യിക്കാത്തതില്‍ പ്രതിഷേധിച്ച് ടീം വിടാനൊരുങ്ങി ; വിരമിക്കല്‍ ഭീഷണി മുഴക്കി ; രഹസ്യയോഗം ചേര്‍ന്ന് ടീമില്‍ അന്തച്ഛിദ്രത്തിന് ശ്രമിച്ചു ; മിതാലിക്കെതിരെ കൂടുതല്‍ ആരോപണവുമായി കോച്ച്

മുംബൈ : ലോകകപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ വിവാദത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഉലയുന്നു. ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ മിതാലി രാജിനെതിരെയ പുതിയ ആരോപണവുമായി കോച്ച് രമേഷ് പവാര്‍ രംഗത്തെത്തി. ലോകകപ്പിലെ പാകിസ്ഥാനെതിരായ മല്‍സരത്തിന് പിന്നാലെ മിതാലി രാജ്, വസ്ത്രങ്ങളും സാധനങ്ങളുമെല്ലാം പായ്ക്ക് ചെയ്ത് ഹോട്ടല്‍ വിടാന്‍ ഒരുങ്ങിയിരുന്നതായി പവാര്‍ അറിയിച്ചു. ബിസിസിഐ അധികൃതര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് രമേഷ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

പാകിസ്ഥാനെതിരായ മല്‍സരത്തില്‍ മിതാലിയെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നതാണ് ഇതിന് കാരണം. ഇതേത്തുടര്‍ന്ന് ഇവര്‍ അതൃപ്തിയിലായിരുന്നു. ഹോട്ടല്‍ വിട്ടശേഷം രാവിലെ മിതാലി, ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നുമാണ് അറിഞ്ഞത്. ടീമിന്റെ വീഡിയോ അനലിസ്റ്റ് പുഷകര്‍ സാവന്താണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

വിവരമറിഞ്ഞ താന്‍ സ്തബ്ധനായിപ്പോയി.ടീമിന്റെ താല്‍പ്പര്യത്തേക്കാള്‍ സ്വന്തം റെക്കോഡ് മാത്രമാണ് മിതാലിക്ക് ലക്ഷ്യം. താന്‍ ആദ്യം. ഇന്ത്യന്‍ ടീം താല്‍പ്പര്യം പിന്നീട് എന്നതാണ് മിതാലിയുടെ നിലപാടെന്നും രമേഷ് പവാര്‍ ആരോപിച്ചു. വിരമിക്കല്‍ ഭീഷണിയുടെ പസ്ചാത്തലത്തിലും, ടീമിന്റെ പോസിറ്റീവ് സമീപനവും മുന്‍നിര്‍ത്തിയാണ് ടീം മാനേജ്‌മെന്റ് തീരുമാനമെടുത്തത്. 

ടീമിലെ സീനിയര്‍ താരമാണെങ്കിലും, ടീം മീറ്റിംഗില്‍ വളരെ കുറച്ച് ഇടപെടലുകള്‍ മാത്രമാണ് നടത്താറുള്ളത്. ടീമിന്റെ ഗെയിംപ്ലാന്‍ മനസ്സിലാക്കാനോ, അത് പ്രാവര്‍ത്തികമാക്കാനോ മിതാലി വിമുഖത കാട്ടുകയാണ്. ടീമിലെ തന്റെ റോളിനെക്കുറിച്ച് മിതാലി ചിന്തിക്കുന്നില്ല. സ്വന്തം റെക്കോഡിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന മിതാലി, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റിംഗില്‍ വേഗതയോ ക്രമീകരണമോ വരുത്താറില്ല. 

പരിശീലകന്‍ എന്ന നിലയില്‍ മിതാലിയെ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. എല്ലാ സെഷനിലും ഹാര്‍ഡ് ഹിറ്റിംഗിനും വിക്കറ്റിന് ഇടയിലെ ഓട്ടത്തിനും സീനിയര്‍ താരത്തെ ഉപദേശിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. പരിശീലന മല്‍സരങ്ങളില്‍ പോലും വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ മിതാലിക്ക് കഴിയുന്നില്ല. 

സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ മല്‍സരത്തിന് പിന്നാലെ, മിതാലിയുടെ നേതൃത്വത്തില്‍ ഒരുപറ്റം കളിക്കാര്‍ യോഗം ചേര്‍ന്നതായും രമേഷ് പവാര്‍ ആരോപിച്ചു. മിതാലി രാജിന്റെ കത്തിന് മറുപടിയായാണ് രമേഷ് പവാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 

കോച്ച് രമേഷ് പവാറും, ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവുമായ ഡയാന എഡുല്‍ജിയും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മിതാലി രാജ് ആരോപിച്ചത്. പവാര്‍ തന്നെ തുടര്‍ച്ചയായി അപമാനിച്ചു. ടീമിലെ സീനിയറായ തന്നെ അവഗണിക്കുകയാണ്. 20 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട് നിരാശയിലാണ് താനെന്നും മിതാലിരാജ്, ബിസിസിഐ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com