'ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം താരങ്ങൾക്ക്; ബോർഡ് ഇടപെടാറില്ല'- 'ഹലാൽ' വിവാദത്തിൽ മറുപടിയുമായി ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 09:07 PM  |  

Last Updated: 23rd November 2021 09:07 PM  |   A+A-   |  

1550676163-bcci_pti_6

ഫയല്‍ ചിത്രം

 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഹലാൽ ഭക്ഷണം നിർബന്ധമാക്കിയെന്ന വിവാ​ദ റിപ്പോർട്ടിൽ വിശദീകരണവുമായി ബിസിസിഐ. അത്തരം യാതൊരു നിബന്ധനയും മുന്നോട്ടുവച്ചിട്ടില്ല. താരങ്ങൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിൽ ബിസിസിഐക്ക് പങ്കില്ലെന്നും വിശദീകരണത്തിൽ പറയുന്നു. 

ബിസിസിഐ ട്രഷറർ അരുൺ ധുമാലാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ വിശദീകരണവുമായി എത്തിയത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധുമാലിന്റെ പ്രതികരണം. 

'അങ്ങനെ ഒരു കാര്യം ചർച്ച ചെയ്തിട്ടു പോലുമില്ല. താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാർ​ഗ നിർദേശവും മുന്നോട്ടു വച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതിൽ ബിസിസിഐയ്ക്ക് ഒരു റോളുമില്ല'- അരുൺ വ്യക്തമാക്കുന്നു. 

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കാൺപുരിൽ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവിൽ ബിസിസിഐ ഹലാൽ മാംസം നിർബന്ധമാക്കിയെന്നും ബീഫ്, പോർക്ക് വിഭവങ്ങൾ ഒഴിവാക്കിയെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ ടീമിന്റെ ഫുഡ് മെനുവിൽ പ്രധാനപ്പെട്ട നിർദേശം എന്ന നിലയിലാണ് ഹലാൽ മാംസത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നത്. 

ഇതോടെ ബിസിസിഐയ്‌ക്കെതിരേ സോഷ്യൽ മീഡിയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് വിശദീകരണം.