ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സ പുറത്തേക്ക്? മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ബയേണും അവസാന 16ല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 09:09 AM  |  

Last Updated: 24th November 2021 10:07 AM  |   A+A-   |  

cristiano_ronaldo_manchester_united_champions_league

ഫോട്ടോ: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ട്വിറ്റർ

 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ബയേണും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍. എന്നാല്‍ നിര്‍ണായക ഹോം മത്സരത്തില്‍ ബാഴ്‌സയെ ബെനഫിക ഗോള്‍രഹിത സമനിലയില്‍ തളച്ചു. 

യുവന്റ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ചെല്‍സി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. വിയ്യാറയലിന് എതിരെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയത്തിന്റെ മികവിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറിയത്. ഡൈനാമോ കീവിന് എതിരെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം. 

സോള്‍ഷെയര്‍ മടങ്ങിയതിന് പിന്നാലെ യുനൈറ്റഡിന് ജയം

സോള്‍ഷെയര്‍ മടങ്ങിയതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം തൊടാനായി. പ്രധാന താരമായ ബ്രൂണോ ഫെര്‍ണാണ്ടസിനെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ നിന്ന് മാറ്റിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങിയത്. യുനൈറ്റഡിന്റെ രണ്ട് ഗോളുകളും വന്നത് രണ്ടാം പകുതിയില്‍. 78ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കിയപ്പോള്‍ 90ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രണ്ടാമത്തെ ഗോള്‍ എത്തി. 

യുവന്റ്‌സ് ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ടാണ് ചെല്‍സി നിറഞ്ഞത്. 21 ഷോട്ടുകളാണ് കളിയില്‍ ചെല്‍സിയില്‍ നിന്ന് വന്നത്. ഓണ്‍ ടാര്‍ഗറ്റിലേക്ക് എട്ടും. അതില്‍ നാലെണ്ണം ഗോളായി കണ്‍വേര്‍ട്ട് ചെയ്യാന്‍ ചെല്‍സിക്ക് കഴിഞ്ഞു. 25ാം മിനിറ്റില്‍ ട്രെവോ ചലോബായാണ് ചെല്‍സിയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി ചെല്‍സി അടിച്ചു കൂട്ടി. 

പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സ പുറത്തേക്ക്?

ജയത്തിലേക്ക് എത്താന്‍ കഴിയാതെ വന്നതോടെ ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ് മുന്നേറ്റത്തിന് മുകളില്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഗ്രൂപ്പ് ഇയില്‍ നിന്ന് ബയേണ്‍ മാത്രമാണ് പ്രിക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ബാഴ്‌സയുടെ ഗ്രൂപ്പിലെ അവസാന മത്സരം കരുത്തരായ ബയേണിന് എതിരേയും. ഇവിടെ ബാഴ്‌സ വീണാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സ പുറത്താവും.