അരങ്ങേറ്റം അവിസ്മരണീയമാക്കി ശ്രേയസ്; ഒന്നാം ദിനത്തില്‍ മികച്ച സ്‌കോറുമായി ഇന്ത്യ

അരങ്ങേറ്റം അവിസ്മരണീയമാക്കി ശ്രേയസ്; ഒന്നാം ദിനത്തില്‍ മികച്ച സ്‌കോറുമായി ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പുര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഭേദപ്പെട്ട സ്‌കോറുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യന്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറികള്‍ നേടിയ ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ആദ്യ ദിനം മികച്ച രീതിയില്‍ അവസാനിപ്പിച്ചത്. 

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയ സ്ഥിരം മുഖങ്ങളുടെ അസാന്നിധ്യത്തില്‍ ടെസ്റ്റ് അരങ്ങേറ്റത്തിന് ലഭിച്ച അവസരം യുവതാരം ശ്രേയസ് അയ്യര്‍ സമര്‍ഥമായി ഉപയോഗിച്ചതാണ് ഇന്ത്യക്ക് തുണയായത്. 136 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 75 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നില്‍ക്കുന്നു. 100 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജഡേജയാണ് അയ്യര്‍ക്ക് കൂട്ട്. ആറ് ഫോറുകള്‍ സഹിതമാണ് ജഡേജയുടെ അര്‍ധ സെഞ്ച്വറി. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഓപ്പണര്‍മാരായ മയാങ്ക് അഗര്‍വാള്‍ (13), ശുഭ്മന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (35) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ന്യൂസിലന്‍ഡിനായി കൈല്‍ ജാമിസന്‍ മൂന്നും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ മയാങ്ക് അഗര്‍വാള്‍ - ശുഭ്മന്‍ ഗില്‍ സഖ്യം ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ടിം സൗത്തി - കൈല്‍ ജാമിസന്‍ സഖ്യത്തെ ശ്രദ്ധയോടെ നേരിട്ടു തുടങ്ങിയെങ്കിലും, അധികം വൈകാതെ മയാങ്കിനെ ജാമിസന്‍ പുറത്താക്കി. 28 പന്തില്‍ രണ്ട് ഫോറുകളോടെ 13 റണ്‍സെടുത്ത മയാങ്കിനെ ടോം ബ്ലണ്ടല്‍ പിടികൂടി.

രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് ശുഭ്മന്‍ ഗില്‍ ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ആദ്യ ഓവറില്‍ ഗില്ലിനെയും ജാമിസന്‍ പുറത്താക്കി. 93 പന്തുകള്‍ നേരിട്ട് 52 റണ്‍സെടുത്ത ഗില്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 61 റണ്‍സ്.

മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാര - അജിന്‍ക്യ രഹാനെ സഖ്യം ശ്രദ്ധയോടെ തുടങ്ങിയെങ്കിലും 38-ാം ഓവറില്‍ ടിം സൗത്തി പൂജാരയുടെ പ്രതിരോധം തകര്‍ത്തു. 88 പന്തില്‍ രണ്ടു ഫോറുകളോടെ 26 റണ്‍സെടുത്ത പൂജാരയെയും ടോം ബ്ലണ്ടല്‍ പിടികൂടി. സ്‌കോര്‍ 145ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയേയും ജാമിസന്‍ പുറത്താക്കി. 63 പന്തില്‍ ആറ് ഫോറുകളോടെ 35 റണ്‍സെടുത്ത രഹാനെ ക്ലീന്‍ ബൗള്‍ഡായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com