'അത്യാഗ്രഹിയായ വ്യക്തി'- അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍;  മുന്‍ ഒളിംപിക്‌സ് കമ്മിറ്റി തലവന് 31 വര്‍ഷം ജയില്‍ ശിക്ഷ

'അത്യാഗ്രഹിയായ വ്യക്തി'- അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍;  മുന്‍ ഒളിംപിക്‌സ് കമ്മിറ്റി തലവന് 31 വര്‍ഷം ജയില്‍ ശിക്ഷ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയോ ഡി ജനീറോ: മുന്‍ ബ്രസീല്‍ ഒളിംപിക്‌സ് കമ്മിറ്റി തലവന്‍ കാര്‍ലോസ് ആര്‍തര്‍ നുസ്മാന് 31 തടവ് ശിക്ഷ. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാര്‍ലോസ് ആര്‍തര്‍ നുസ്മാന് കോടതി  തടവ് ശിക്ഷ വിധിച്ചത്. 2016ലെ ഒളിംപിക്‌സ് വേദിയായി റിയോ ഡി ജനീറോയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വോട്ടിങില്‍ കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 

മുന്‍ റിയോ ഗവര്‍ണര്‍ സെര്‍ജിയോ കബ്രാള്‍, വ്യവസായി ആര്‍തര്‍ സോറസ്, റിയോ 2016 ഓപ്പറേഷന്‍സ് മേധാവി ലിയോനാര്‍ഡോ ഗ്രൈനര്‍ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. 

നുസ്മാന്‍, കബ്രാള്‍, സോറസ്, ഗ്രൈനര്‍ എന്നിവര്‍ ഒളിംപിക്‌സ് വേദി ലഭിക്കുന്നതിന് വേണ്ടിയുള്ള വോട്ടുകള്‍ക്ക് പകരമായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് ലാമിന്‍ ഡിയാകിനും അദ്ദേഹത്തിന്റെ മകന്‍ പാപ്പാ ഡിയാകിനും രണ്ട് ദശലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് 15 കോടിയോളം ഇന്ത്യന്‍ രൂപ) കൈക്കൂലി നല്‍കിയെന്നാണ് കേസ്. 

2017 ഒക്ടോബര്‍ മുതല്‍ നുസ്മാന്‍ വീട്ടു തടങ്കലിലാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ബ്രസീല്‍ ഒളിംപിക്‌സ് കമ്മിറ്റി തലവനായി തുടര്‍ന്ന നുസ്മാന്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ സ്ഥാനത്ത് നിന്ന് രാജി വച്ചിരുന്നു. 

നുസ്മാന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രിമിനല്‍ ചിന്താഗതിയോടെയാണെന്ന് തെളിഞ്ഞതായി ജഡ്ജ് മാര്‍സെലോ ബ്രെറ്റ്‌സ് നിരീക്ഷിച്ചു. അത്യാഗ്രഹിയായ വ്യക്തിയാണ് നുസ്മാന്‍. സാമ്പത്തിക കുറ്റകൃത്യമാണ് താന്‍ ചെയ്യുന്നതെന്ന് കൃത്യമായ ബോധ്യമുള്ള ആളാണ് നുസ്മാന്‍. തന്റെ പൊതു സമ്മതി മറയാക്കിയാണ് നുസ്മാന്‍ നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

30 വര്‍ഷവും 11 മാസവുമാണ് 79 കാരനായ നുസ്മാന്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട അപ്പീലുകള്‍ മുഴുവന്‍ തീര്‍പ്പാകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രസീലിലെ നിയമം അനുസരിച്ച് നുസ്മാന്‍ ഉടനെ ജയിലിലേക്ക് പോകേണ്ടി വരില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com