ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത, മാസങ്ങള്‍ക്ക് ശേഷം ആദ്യമായി നെറ്റ്‌സില്‍ പന്തെറിഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്തതായി നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പിലെ ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഹര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഹര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്തതായി നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബൗള്‍ ചെയ്യുമോ എന്നതില്‍ വ്യക്തത വന്നിരുന്നില്ല. 

പാകിസ്ഥാന് എതിരായ കളിയില്‍ ഹര്‍ദിക്കിന്റെ തോളിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാന്‍ ഹര്‍ദിക് ഇറങ്ങിയില്ല. പിന്നാലെ ഹര്‍ദിക്കിനെ സ്‌കാനിങ്ങിനും വിധേയനാക്കി. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ 20 മിനിറ്റോളമാണ് ഹര്‍ദിക് ബൗള്‍ ചെയ്തത്. 

ഹര്‍ദിക്കിന്റെ ബൗളിങ് നിരീക്ഷിച്ച് രവി ശാസ്ത്രിയും ധോനിയും

ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് നെറ്റ്‌സില്‍ ഹര്‍ദിക്കിന്റെ ഡെലിവറികളെ നേരിട്ടത്. ഹര്‍ദിക്കിന്റെ ബൗളിങ് രവി ശാസ്ത്രിയും എംഎസ് ധോനിയും നിരീക്ഷിച്ചു. പാകിസ്ഥാന് എതിരെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രമാണ് ഹര്‍ദിക് കളിച്ചത്. ഇത് ടീം ബാലന്‍സ് നഷ്ടപ്പെടുത്തിയതായി വിമര്‍ശനം ഉയര്‍ന്നു. 

പാകിസ്ഥാന് എതിരെ മികച്ച രീതിയില്‍ കളി ഫിനിഷ് ചെയ്യാനും ഹര്‍ദിക്കിന് കഴിഞ്ഞില്ല. എട്ട് പന്തില്‍ നിന്ന് നേടിയത് 11 റണ്‍സ്. ബൗള്‍ ചെയ്യാന്‍ ഹര്‍ദിക്കിന് സാധിക്കാതെ വന്നാലുള്ള സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്തിയിരുന്നു. അക്‌സര്‍ പട്ടേലിനെ മാറ്റി പകരം ശര്‍ദുല്‍ താക്കൂറിനെ ടീമിലേക്ക് വിളിച്ചു. 

പാകിസ്ഥാന് എതിരായ മത്സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഹര്‍ദിക്കിന് രണ്ട് ഓവര്‍ എങ്കിലും എറിയാനാവും എന്ന പ്രതീക്ഷയാണ് കോഹ് ലി പങ്കുവെച്ചിരുന്നത്. ന്യൂസിലാന്‍ഡിന് എതിരായ മത്സരം നിര്‍ണായകമായ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com