ജയിക്കാൻ 3 റൺ;  അവസാന 5 പന്തിൽ 5 വിക്കറ്റ്; അവിശ്വനീയം ഈ ബ്രസീൽ വിജയം (വീഡിയോ)

ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ അവസാന ഓവറിൽ 5 വിക്കറ്റ് കൈയിലിരിക്കെ കാനഡയ്ക്ക് വേണ്ടത്  3 റൺസ് മാത്രം
അവസാന ഓവറില്‍ ഹാട്രിക് നേടിയ കാര്‍ഡോസാ/ imagecredit: Cricket México
അവസാന ഓവറില്‍ ഹാട്രിക് നേടിയ കാര്‍ഡോസാ/ imagecredit: Cricket México

മെക്സിക്കോ സിറ്റി: ക്രിക്കറ്റിൽ ജയപരാജയങ്ങൾ ആർക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതിന് ഇതിലും നല്ലൊരു ഉദാഹരണം വേറെയില്ല. വനിതാ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ അവസാന ഓവറിൽ 5 വിക്കറ്റ് കൈയിലിരിക്കെ കാനഡയ്ക്ക് വേണ്ടത്  3 റൺസ് മാത്രം. കാനഡ ജയിച്ചെന്ന് ഉറപ്പിച്ചിരിക്കെ അവസാന ഓവറിലെ ആദ്യ അഞ്ച് പന്തിൽത്തന്നെ ബാക്കിയുണ്ടായിരുന്ന അഞ്ച് കാനഡ ബാറ്റർമാരും പുറത്തായി. ഫലമോ, മത്സരം തോറ്റെന്ന് ഉറപ്പിച്ച ബ്രസീൽ വനിതകൾക്ക് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം! 

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബ്രസീൽ വനിതകൾ നിശ്ചിത 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 48 റൺസ് നേടിയത്. 32 പന്തിൽ രണ്ടു ഫോറുകളോടെ 21 റൺസെടുത്ത ക്യാപ്റ്റൻ റോബർട്ട ആവേരിയായിരുന്നു ബ്രസീലിന്റെ ടോപ് സ്കോറർ. ബ്രസീൽ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാൻ പോലുമായില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ വനിതകൾ 16 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലായിരുന്നു. ടീമിന്റെ ടോപ് സ്കോറർ കൂടിയായ മുഖ്‌വിന്ദർ സിങ് 26 പന്തിൽ 18 റൺസോടെയും ക്രിമ കപാഡിയ 24 പന്തിൽ ഒൻപതു റൺസോടെയും ക്രീസിൽ. രണ്ടു റണ്ണെടുത്താൽ ടൈയും മൂന്നു റൺസെടുത്താൽ വിജയവും എന്ന നിലയിൽ നിൽക്കെ കാനഡയ്ക്ക് സംഭവിച്ചത് അവിശ്വസനീയ ബാറ്റിങ് തകർച്ച.

ബ്രസീലിനായി ലൗറ കാർഡോസോ എറിഞ്ഞ ആദ്യ പന്തിൽ ക്രിമ കപാഡിയ റണ്ണൗട്ട്. 24 പന്തിൽ ഒൻപതു റൺസുമായി താരം മടങ്ങി. പിന്നാലെ വന്ന ഹാല അസ്മത്ത്, ഹിബ ഷംഷാദ്, സന സഫർ എന്നിവരെ ഗോൾ‍ഡൻ ഡക്കാക്കി കാർഡോസോ ഹാട്രിക് തികച്ചു. അഞ്ചാം പന്തിൽ കാനഡയുടെ ടോപ് സ്കോറർ മുഖ്‌വീന്ദർ ഗിൽ രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയം!. ആറ് പേരാണ് കാനഡ നിരയിൽ പൂജ്യത്തിന് പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com