ദുബായ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തിനിടെ ടിക്കറ്റില്ലാതെ എത്തിയ ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് നിർദ്ദേശം നൽകി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിശദമായ അന്വേഷണം നടത്താനാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരങ്ങളുടെ സുരക്ഷിതമായ നടത്തിപ്പിന് അധികാരികളുമായി സഹകരിച്ച് എന്തൊക്കെ നടപടികൾ കൈക്കൊള്ളണമെന്ന് കണ്ടെത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന അഫ്ഗാൻ- പാക് പോരാട്ടത്തിലേക്കാണ് ടിക്കറ്റില്ലാതെ കാണികൾ തള്ളിക്കയറാൻ ശ്രമിച്ചത്. പിന്നാലെ കൂടുതൽ പൊലീസിനേയും സുരക്ഷാ ഉദ്യോഗസ്ഥരെയും രംഗത്തിറക്കി ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അതിനിടെ ടിക്കറ്റെടുത്തിട്ടും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കാതെ നിരവധി ആരാധകർക്ക് നിരാശരാകേണ്ടിയും വന്നു. ടിക്കറ്റെടുത്തിട്ടും കളി നേരിൽ കാണാൻ കഴിയാതെ പോയ ആരാധകരോട് ഐസിസി ക്ഷമ ചോദിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ലോകകപ്പ് മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്. പാക്- അഫ്ഗാൻ പോരാട്ടത്തിനായി ദുബായ് സ്റ്റേഡിയത്തിൽ 16,000 ടിക്കറ്റുകളാണ് വിൽപ്പനയ്ക്കു വച്ചത്. എന്നാൽ, മത്സരത്തിനു മുന്നോടിയായി ടിക്കറ്റില്ലാതെ ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിനു മുന്നിലെത്തിയത്. തുടർന്ന് ഇവർ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.
ടിക്കറ്റെടുത്ത് നിയമാനുസൃതം സ്റ്റേഡിയത്തിനകത്തു പ്രവേശിച്ച ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടി. രംഗം വഷളായതോടെ കൂടുതൽ പൊലീസിനെ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. അതിനിടെ രാത്രി ഏഴ് മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ അടയ്ക്കുകയാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. തുടർന്ന് സ്റ്റേഡിയത്തിലെത്തിയ ആരേയും അകത്തേക്കു കയറ്റിയില്ല.
ആരാധകരെ വിമർശിച്ച് അഫ്ഗാൻ നായകൻ
ടിക്കറ്റില്ലാതെ വന്ന് സുരക്ഷാ ക്രമീകരണങ്ങളെല്ലാം കാറ്റിൽപ്പറത്തി സ്റ്റേഡിയത്തിനു മുന്നിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച ആരാധകരെ അഫ്ഗാൻ നായകൻ മുഹമ്മദ് നബി വിമർശിച്ചു. മത്സരത്തിൽ പാകിസ്ഥാനോട് അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയതിനു പിന്നാലെ സംസാരിക്കുമ്പോഴാണ് നബി ആരാധകർക്കെതിരെ തിരിഞ്ഞത്.
‘അഫ്ഗാൻ ക്രിക്കറ്റ് ആരാധകരോടായി ഒരു കാര്യം. ടിക്കറ്റെടുത്തവർ മാത്രം സ്റ്റേഡിയത്തിലേക്കു വരിക. ഇത്തരം തെറ്റുകൾ ദയവു ചെയ്ത് ആവർത്തിക്കരുത്. അത് ശരിയല്ല’ – മുഹമ്മദ് നബി പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പിലും ഇരു ടീമുകളുടെയും ആരാധകർ ഇംഗ്ലണ്ടിലെ ലീഡ്സിലും സമാനമായ പ്രശ്ന സൃഷ്ടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates