12 വര്‍ഷത്തിന് ശേഷം സുവരസിനോട് കണക്ക് ചോദിക്കാന്‍ ഘാന; വമ്പനാരെന്ന് ഉറപ്പിക്കാന്‍ മെസിയും ലെവന്‍ഡോസ്‌കിയും; ഖത്തറിലെ തീപാറും പോരുകള്‍

നാല് ടീമുകള്‍ വീതമുള്ള എട്ട് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മരണഗ്രൂപ്പ് ഇല്ലെന്നുള്ള ആശ്വാസത്തിലാണ് ടീമുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: ഫിഫ ലോകകപ്പ് ചിത്രം തെളിഞ്ഞതോടെ ആവേശപ്പോരുകള്‍ക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. നാല് ടീമുകള്‍ വീതമുള്ള എട്ട് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മരണഗ്രൂപ്പ് ഇല്ലെന്നുള്ള ആശ്വാസത്തിലാണ് ടീമുകള്‍. എന്നാല്‍ തീപാറും പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മത്സരങ്ങളുണ്ട്...

മെസിയും ലെവന്‍ഡോസ്‌കിയും നേര്‍ക്കുനേര്‍

ഗോള്‍ വേട്ടയില്‍ കഴിഞ്ഞ സീസണുകളിലായി മെസിയെ കടത്തി വെട്ടുകയാണ് ബയേണിന്റെ ലെവന്‍ഡോസ്‌കി. ബാലണ്‍ ദി ഓര്‍ മെസിക്ക് ലഭിച്ചെങ്കിലും അതിന് അര്‍ഹന്‍ ലെവന്‍ഡോസ്‌കി ആയിരുന്നെന്ന വാദങ്ങള്‍ ശക്തമാണ്. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാവും ജയം പിടിക്കുക എന്ന ആകാംക്ഷയാണ് ഖത്തര്‍ ലോകകപ്പ് ആരാധകരുടെ മുന്‍പിലേക്ക് വെക്കുന്നത്. 

ഗ്രൂപ്പ് സിയിലാണ് മെസിയുടെ അര്‍ജന്റീനയും ലെവന്‍ഡോസ്‌കിയുടെ പോളണ്ടും വരുന്നത്. മെസിയുടെ അവസാനത്തെ ലോകകപ്പായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോപ്പ കിരീടവും നേടി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തോല്‍വി അറിയാതെയുമാണ് അര്‍ജന്റീന എത്തുന്നത്. 

ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്ലും യുറുഗ്വേയും ഘാനയും

ഗ്രൂപ്പ് എച്ചിലാണ് ക്രിസ്റ്റ്യാനോയും സുവാരസും വരുന്നത്. ക്രിസ്റ്റ്യാനോയും തന്റെ അവസാന ലോകകപ്പിനാണ് ഖത്തറിലേക്ക് എത്തുന്നത്. ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍-യുറുഗ്വെ പോരിനൊപ്പം മറ്റൊരു പോരാട്ടം കൂടി ആരാധകരുടെ കണ്ണിലുടക്കുന്നുണ്ട്. 2010 ലോകകപ്പ് ക്വാര്‍ട്ടറില്‍ തങ്ങളുടെ വഴി മുടക്കിയതിന് സുവാരസിനോട് കണക്ക് ചോദിക്കാന്‍ ഘാനയും ഗ്രൂപ്പ് എച്ചിലുണ്ട്.  ഘാനക്ക് ഗോള്‍ നിഷേധിച്ച സുവാരസിന്റെ ഹാന്‍ഡ് ബോള്‍ വിവാദമായിരുന്നു. അവിടെ ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ ഘാനക്ക് കഴിഞ്ഞില്ല. ഈ സമയം സുവാരസില്‍ നിന്ന് വന്ന ആഘോഷം ഘാന ആരാധകരുടെ മനസിലുണ്ട്. 

ലൂകാക്കുവിന്റെ ബെല്‍ജിയവും മോഡ്രിച്ചിന്റെ ക്രൊയേഷ്യയും

ഗ്രൂപ്പ് എഫിലെ മത്സരമാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊന്ന്. ബെല്‍ജിയവും ക്രൊയേഷ്യയും ഇവിടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ സിറ്റി താരം ഡിബ്രുയ്‌നിന്റേയും ചെല്‍സി താരം ലുകാക്കുവിന്റേയും ബെല്‍ജിയത്തെ വീഴ്ത്താന്‍ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്ക് കഴിയുമോ എന്നതും ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നു. 

വമ്പന്‍ പോര് ഗ്രൂപ്പ് സിയില്‍

നവംബര്‍ 27ന് സ്‌പെയ്‌നും ജര്‍മനിയും ലോകകപ്പില്‍ പോരിനിറങ്ങും. ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പുകളില്‍ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പായാണ് ഇരുവരും ഉള്‍പ്പെട്ട ഗ്രൂപ്പ് സി വിലയിരുത്തപ്പെടുന്നത്. സ്‌പെയ്ന്‍-ജര്‍മന്‍ പോരാവും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുക. 2010 ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്കും ഇവിടെ സ്‌പെയ്‌നിന് ജര്‍മനി മറുപടി നല്‍കിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com