'ഞങ്ങള്‍ക്ക് സ്വന്തം വീടില്ല, ഐപിഎല്‍ പ്രതിഫലത്തിലൂടെ വീട് വാങ്ങണം'; മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ പറയുന്നു

ഐപിഎല്‍ പലരുടേയും ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ കൂടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ പലരുടേയും ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ കൂടി. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിലൂടെ സ്വന്തം വീട് എന്ന കുടുംബത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് തിലകിന്റെ ശ്രമം. 

സീസണില്‍ 1.7 കോടി രൂപയ്ക്കാണ് ഈ യുവ താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈയുടെ കഴിഞ്ഞ രണ്ട് കളിയില്‍ 22,61 എന്നതാണ് തിലകിന്റെ സ്‌കോറുകള്‍. രാജസ്ഥാന് എതിരെ 33 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് തിലക് 61 റണ്‍സ് എടുത്തത്.

സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവിലാണ് വളര്‍ന്നത്

സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവിലാണ് വളര്‍ന്നത്. ചെറിയ ശമ്പളം കൊണ്ട് എന്റെ ക്രിക്കറ്റ് പഠനത്തിനുള്ള ചെലവുകള്‍ക്കും മൂത്ത ചേട്ടന്റെ പഠന ചിലവുകള്‍ക്കുമുള്ള പണം പിതാവിന് കണ്ടെത്തേണ്ടിയിരുന്നു. ഞങ്ങള്‍ക്ക് ഇതുവരെ സ്വന്തമായി വീടില്ല. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് എന്റെ ഏക ലക്ഷ്യം അച്ഛനും അമ്മയ്ക്കും സ്വന്തമായി വീട് എന്നതാണ്, തിലക് വര്‍മ പറയുന്നു. 

ഇപ്പോള്‍ ഐപിഎല്ലില്‍ എനിക്ക് ലഭിച്ച പ്രതിഫലത്തിലൂടെ ഇനിയുള്ള സീസണുകളില്‍ സ്വതന്ത്രമായി കളിക്കാന്‍ എനിക്കാവും. ഐപിഎല്‍ താര ലേലത്തില്‍ എന്നെ മുംബൈ സ്വന്തമാക്കിയതറിഞ്ഞ് എന്റെ പരിശീലകന് കണ്ണീരടക്കാനായില്ല. മാതാപിതാക്കളും കരയുകയായിരുന്നു. എന്റെ അമ്മയ്ക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായില്ല, മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര താരം പറയുന്നു. 

ഹൈദരാബാദില്‍ നിന്നുള്ള 19കാരനാണ് തിലക് വര്‍മ. 2020ലെ ഇന്ത്യയുടെ അണ്ടര്‍ 19 സംഘത്തിന്റെ ഭാഗമായിരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികവിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ ശ്രദ്ധയിലേക്ക് തിലക് എത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com