രക്ഷകനായി വീണ്ടും സൂര്യകുമാർ യാദവ്; ബാംഗ്ലൂരിന് മുന്നില്‍ 152 റണ്‍സ് ലക്ഷ്യം വച്ച് മുംബൈ

സീസണിലെ തന്റെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ തിളങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഒരിക്കല്‍ കൂടി സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ രണ്ടാം പോരില്‍ 152 റണ്‍സ് വിജയ ലക്ഷ്യം വച്ച് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് കണ്ടെത്തിയത്. 

സീസണിലെ തന്റെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ തിളങ്ങി. ആറ് സിക്‌സും അഞ്ച് ഫോറും സഹിതം 37 പന്തില്‍ സൂര്യകുമാര്‍ 68 റണ്‍സ് അടിച്ചുകൂട്ടി. താരം പുറത്താകാതെ നിന്നു. 

ടോസ് നേടി ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍- ക്യാപ്റ്റന്‍ രോഹിത് ശര്‍മ സഖ്യം മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. ആറോവര്‍ പിന്നിട്ടപ്പോള്‍ സഖ്യം 50 കടുന്നു. തൊട്ടുപിന്നാലെ രോഹിത് മടങ്ങി. താരത്തെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. 15 പന്തില്‍ 26 റണ്‍സാണ് രോഹിത് നേടിയത്. 

പിന്നാലെ എത്തിയ ഡെവാള്‍ഡ് ബ്രെവിസ് എത്തിയെങ്കിലും താരത്തിനും അധികം ആയുസുണ്ടായില്ല. താരം എട്ട് റണ്‍സാണ് എടുത്തത്. താമസിയാതെ ഇഷാന്‍ കിഷനും കൂടാരം കയറി. ഇഷാന്‍ 26 റണ്‍സാണ് എടുത്തത്. തിലക് വര്‍മ പൂജ്യം റണ്ണില്‍ റണ്ണൗട്ടായി മടങ്ങിയപ്പോള്‍ പിന്നാലെ എത്തിയ കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഗോള്‍ഡന്‍ ഡക്കായും ഏഴാമനായി എത്തിയ രമണ്‍ദീപ് സിങ് ആറ് റണ്‍സുമായും മടങ്ങിയതോടെ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയില്‍ പരുങ്ങി. 

നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുന്നതിനിടെയിലും തന്റെ കടന്നാക്രമണം തുടരുന്നുണ്ടായിരുന്നു. സീസണില്‍ ആദ്യമായി കളിക്കാനെത്തിയ ജയദേവ് ഉനദ്കട് സ്‌ട്രൈക്ക് കൈമാറി പുറത്താകാതെ നിന്ന് സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കിയതോടെയാണ് മുംബൈ കുതിച്ചത്. ഉനദ്കട് 13 റണ്‍സുമായി പുറത്താകാതെ നിന്നു. 

ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. വാനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആകാഷ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com