'ഇത്തരം നിമിഷങ്ങള്‍ തിളക്കത്തോടെ നില്‍ക്കും'- പാക് താരത്തിന് ജേഴ്‌സി ഒപ്പിട്ട് സമ്മാനിച്ച് കോഹ്‌ലി; ഹൃദ്യം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2022 11:08 AM  |  

Last Updated: 30th August 2022 11:08 AM  |   A+A-   |  

kohli

വിഡിയോ സ്ക്രീൻഷോട്ട്

 

ദുബായ്: കരിയറിലെ 100ാം ടി20 പോരാട്ടം വിജയത്തോടെ ആഘോഷിക്കാന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സാധിച്ചു. മത്സരത്തിന് പിന്നാലെ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫിന് തന്റെ ജേഴ്‌സി ഒപ്പിട്ടു സമ്മാനിച്ച കോഹ്‌ലിയുടെ പ്രവൃത്തി ഇപ്പോള്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. 

ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടത്. ശ്രദ്ധേയ അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മത്സരം അവസാനിച്ചേക്കാം. പക്ഷേ ഇത്തരം നിമിഷങ്ങള്‍ തിളക്കത്തോടെ നില്‍ക്കും'- എന്നാണ് വീഡിയോക്ക് നല്‍കിയ കുറിപ്പ്. 

മത്സര ശേഷം 28കാരനായ പാക് പേസറുമായി കോഹ്‌ലി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീടാണ് ജേഴ്‌സി ഒപ്പിട്ട് സമ്മാനിക്കുന്നത്. 

അരോഗ്യകരമായ രംഗങ്ങളാണ് ഇതെല്ലാം എന്നായിരുന്നു ഒരു ആരാധകന്‍ വീഡിയോക്ക് കമന്റിട്ടത്. ഞങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ എന്നായിരുന്നു മറ്റൊരു കമന്റ്. കോഹ്‌ലി മികച്ച ക്രിക്കറ്ററും മികച്ച വ്യക്തിയുമാണ്. അതുകൊണ്ടാണ് അദ്ദേഹം രാജാവാണ് എന്നു പറയുന്നത്. മറ്റൊരാള്‍ കുറിച്ചു. 

പാകിസ്ഥാനെതിരെ തന്റെ 100ാം ടി20 കളിക്കാനിറങ്ങിയ കോഹ്‌ലി ബാറ്റിങില്‍ നിരാശപ്പെടുത്തിയില്ല. നിര്‍ണായകമായ 35 റണ്‍സ് സംഭാവന ചെയ്താണ് മുന്‍ നായകന്‍ മടങ്ങിയത്. 

അതേസമയം പാക് താരമായ റൗഫിന് ബൗളിങില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ വാലറ്റത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാക് പേസര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗള്‍ ചെയ്തപ്പോള്‍ 8.75 എക്കോണമിയില്‍ 35 റണ്‍സാണ് താരം നാലോവറില്‍ വഴങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

‘തിരിച്ചടികളെക്കാൾ മഹത്തരമാണ് തിരിച്ചു വരവ്’- ഹർദിക് പാണ്ഡ്യ 2.0; ഈ ചിത്രത്തിലുണ്ട് എല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ