തല താഴ്ത്തി ചുവന്ന ചെകുത്താന്മാര്‍; നിരാശയോടെ സുവര്‍ണസംഘം; കണക്കില്‍ത്തട്ടി മുന്‍ ചാമ്പ്യന്മാരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2022 08:42 AM |
Last Updated: 02nd December 2022 08:42 AM | A+A A- |

ബെല്‍ജിയം ടീമിന്റെ നിരാശ/ എഎഫ്പി
ദോഹ: ലോകറാങ്കിങ്ങിലെ മുന്‍നിരക്കാരെന്ന പെരുമയോടെ കിരീടപ്രതീക്ഷയോടെ പന്തു തട്ടാനിറങ്ങിയ ചുവന്ന ചെകുത്താന്മാര്‍ ലോകകപ്പില്‍ നിന്നും കണ്ണീരോടെ മടങ്ങി. ഇതോടെ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയാണ് ലോകകപ്പില്‍ നിന്നും വിടവാങ്ങിയത്. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ക്രൊയേഷ്യ, ബെല്‍ജിയത്തെ ഗോള്‍രഹിത സമനിലയില്‍ കുരുക്കുകയായിരുന്നു.
ഏഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രോയ്ന്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ അണിനിരന്ന സുവര്‍ണ സംഘത്തിന്റെ കിരീടസ്വപ്‌നങ്ങള്‍ ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തിലും ഗോളി ലിവാകോവിച്ചിന്റെ മികവിലും തട്ടി ചിന്നിച്ചിതറി. നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ ബെല്‍ജിയത്തിന്റെ സുവര്‍ണസംഘത്തിനായില്ല.
ഇതോടെ ഒരു സമനില മാത്രം മതിയായിരുന്ന ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്ക് അഞ്ചു പോയന്റാണുള്ളത്. ഗ്രൂപ്പ് എഫില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കയും പ്രീ ക്വാര്‍ട്ടറിലെത്തി. മൊറോക്കയുടെ ചരിത്ര വിജയമാണിത്. മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു സമനിലയും സഹിതം ഏഴു പോയിന്റാണ് മൊറോക്കോ നേടിയത്.
നിര്‍ണായക മത്സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ വിജയിച്ചിട്ടും ഗോള്‍ശരാശരിയിലാണ് മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി വീണത്. മൂന്നു കളികളില്‍ നിന്ന് ജര്‍മ്മനിക്ക് സ്‌പെയിനൊപ്പം നാലു പോയിന്റായെങ്കിലും, ഗോള്‍ശരാശരിയില്‍ പിന്നിലായതാണ് തിരിച്ചടിയായത്. ഇതോടെ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും, തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി സ്‌പെയിനും പ്രീക്വാര്‍ട്ടറിലെത്തി.
ഗ്രൂപ്പ് ഇയില്‍ നിന്ന് ജര്‍മ്മനിക്ക് പുറമേ, കോസ്റ്ററിക്കയും പുറത്തായി. ആവേശപ്പോരിൽ പൊരുതിക്കളിച്ച കോസ്റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജർമനി തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. അതിനു മുൻപു കളിച്ച 16 ലോകകപ്പുകളിലും ജർമനി നോക്കൗട്ടിൽ പ്രവേശിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
ഉദിച്ചുയർന്ന് ജപ്പാൻ, സ്പെയിനിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ; ജർമനി പുറത്ത്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ