മെസിയെ തടയാനാവാതെ വീണ് ക്രൊയേഷ്യ, ഒരു ജയം അകലെ കിരീടം!

അർജന്റൈൻ ജനതയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി മെസിക്കും കൂട്ടർക്കും വേണ്ടത് ഒരേയൊരു ജയം കൂടി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി
Updated on
2 min read

ദോഹ: സൗദിയോട് തോറ്റ് ആയുസെണ്ണി ഗ്രൂപ്പ് ഘട്ടം കളിച്ചിടത്ത് നിന്ന് ലോകകപ്പ് കലാശപ്പോരിലെത്തി മെസിപ്പട. ജപ്പാനേയും ബ്രസീലിനേയും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വലിച്ചിട്ട് തളച്ച ക്രൊയേഷ്യൻ തന്ത്രം പക്ഷെ സ്കലോനിയുടെ സംഘം പൊളിച്ചു.  മെസി നിറഞ്ഞു കളിച്ച ലുസൈൽ സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ച് അർജന്റീന തങ്ങളുടെ ലോകകപ്പിലെ ആറാം ഫൈനലിലേക്ക്. വിശ്വ കിരീടമുയർത്തി അർജന്റൈൻ ജനതയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി മെസിക്കും കൂട്ടർക്കും വേണ്ടത് ഒരേയൊരു ജയം കൂടി. 

2018 ​ഗ്രൂപ്പ് ഘട്ടത്തിൽ 3-0നാണ് അർജന്റീനയെ ക്രൊയേഷ്യയെ തകർത്തത്. നാല് വർഷത്തിനിപ്പുറം അതേ സ്കോർ ലൈനോടെ ക്രൊയേഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തറിഞ്ഞ് അർജന്റീനയുടെ മധുരപ്രതികാരം. ജൂലിയൻ അൽവാരസ് രണ്ട് ഗോള്‍ നേടിയെങ്കിലും മെസിയാണ് കളിയിലെ താരം. പെനാൽറ്റി വലയിലാക്കിയതിന് പിന്നാലെ വന്ന അർജന്റീനയുടെ രണ്ട് ​ഗോളിന് പിന്നിലും മെസിയുടെ സ്പർശമുണ്ടായിരുന്നു. 

ആദ്യ മിനിറ്റുകളില്‍ ക്രൊയേഷ്യന്‍ ആധിപത്യം

കളിയുടെ ആദ്യ 15 മിനിറ്റിൽ പാസുകളുമായി ആധിപത്യം പുലർത്തുന്ന ക്രൊയേഷ്യയെയാണ് കണ്ടത്. എന്നാൽ ഷോട്ടോ ബോക്സിനുള്ളിൽ അവസരം സൃഷ്ടിക്കാനോ ഇരു ടീമുകൾക്കുമായില്ല. 15ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേരോയുടെ ഫൗളിലൂടെ സെമിയിലെ ആദ്യ ഫ്രികിക്ക് നേടിയത് ക്രൊയേഷ്യ. എന്നാൽ അപകട സാധ്യത സൃഷ്ടിക്കാനുള്ള ശ്രമം മോ‍ഡ്രിച്ചിന്റേയും സംഘത്തിന്റേയും ഭാ​ഗത്ത് നിന്നുണ്ടായില്ല. 18ാം മിനിറ്റിൽ മൂന്ന് ക്രൊയേഷ്യൻ താരങ്ങൾ മാർക്ക് ചെയ്തിടത്ത് നിന്ന് കുലുങ്ങാതെ മോളിനയിലേക്ക് മെസിയുടെ പാസ്. എന്നാൽ ബോക്സിനുള്ളിലെ മുന്നേറ്റത്തിലേക്ക് അത് എത്തിയില്ല. 25ാം മിനിറ്റിലാണ് അർജന്റീനയുടെ ആക്രമണത്തിന്റെ മൂർച്ച ക്രോയേഷ്യ അറിഞ്ഞു തുടങ്ങിയത്. ഇടത് നിന്ന് വന്ന അർജന്റൈൻ ആക്രമണത്തിൽ  പരദെസിന്റെ ത്രൂ ബോൾ ടാഗ്ലിയാഫികോയിലേക്ക്. എന്നാൽ ജുനാറോവിച്ചിന്റെ സ്ലൈഡിങ്ങിൽ ഡിഫ്ലക്റ്റഡായി പന്ത് അകന്നു. 

അല്‍വാരസിനെ വീഴ്ത്തിയതിന് പെനാല്‍റ്റി

27ാം മിനിറ്റിൽ തകർപ്പൻ റണ്ണുമായി മുന്നേറിയ ക്രമാറോവിച്ചിനെ ഫൗൾ ചെയ്തതിന് ക്രൊയേഷ്യക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും മോഡ്രിച്ചിന് സെറ്റ് പീസ് മുതലാക്കാനായില്ല. 32ാം മിനിറ്റിലാണ് അർജന്റീനക്ക് പെനാൽറ്റി നേടിക്കൊടുത്ത ജൂലിയൻ അൽവാരസിന്റെ  മുന്നേറ്റം വരുന്നത്. ബോക്സിനുള്ളിലേക്ക് അപകടം വിതച്ചെത്തിയ ജൂലിയനെ ഗോൾകീപ്പർ ലിവാകോവിച്ച് വീഴ്ത്തി. വലത് ടോപ് കോർണറിലേക്ക് മെസി പന്ത് എത്തിച്ചതോടെ അർജന്റീന ലീഡ് എടുത്തു. 

39 മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെയാണ് അർജന്റീനയുടെ രണ്ടാമത്തെ ഗോൾ എത്തിയത്. മെസിയിൽ നിന്ന് പന്ത് അൽവാരസിലേക്ക്. അൽവാരസിന്റെ റണ്ണിനെ തടസപ്പെടുത്താൻ രണ്ട് പ്രതിരോധ നിര താരങ്ങളുണ്ടായെങ്കിലും സോസയുടെ ഇന്റർസെപ്റ്റഷൻ ശ്രമത്തിനിടയിൽ പന്ത് ബൗൺസ് ചെയ്ത് വീണ്ടും അൽവാരസിന്റെ അടുത്തെത്തി. ചിപ്പ് ചെയ്ത് ലിവാകോവിച്ചിന് അവസരം നൽകാതെ അൽവാരസ് പന്ത് വലയിലെത്തിച്ചു. 

മെസിയുടെ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റം

42ാം മിനിറ്റിൽ മെസി എടുത്ത കോർണറിൽ നിന്നും അർജന്റീന അവസരം സൃഷ്ടിച്ചു. ടാഗ്ലിയാഫികോയുടെ ഹെഡ്ഡർ ഫുൾ ലെങ്തിൽ ഡൈവ് ചെയ്താണ് ലിവാകോവിച്ച് അകറ്റിയത്. ആദ്യ പകുതിയിൽ 60 ശതമാനം പന്ത് കൈവശം വെച്ച് കളിച്ചത് ക്രയേഷ്യ ആയിരുന്നെങ്കിലും ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും വന്നില്ല. 

രണ്ടാം പകുതിയിലെ 56ാം മിനിറ്റിൽ മെസി കളിയിലെ തന്റെ രണ്ടാം ഗോളിലേക്ക് എത്തുമെന്ന് തോന്നിച്ചു. ഫെർണാണ്ടസുമായുള്ള ബോക്സിനുള്ളിലെ പാസിനൊടുവിൽ  മെസിയിൽ നിന്ന് ഷോട്ട് വന്നെങ്കിലും ലിവാകോവിച്ച് തടഞ്ഞു. 69ാം മിനിറ്റിൽ മെസിയുടെ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് അർജന്റീനയുടെ ലീഡ് 3-0 ആയി ഉയർത്തിയത്. അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ത്രോയിൽ ടച്ച് ലൈനിന് സമീപത്ത് കൂടി പെനാൽറ്റി ബോക്സിലേക്ക് മെസി. ഗ്വാർഡിയോളിന്റെ കടുപ്പമേറിയ മാർക്കിങ്ങിലും പന്ത് നഷ്ടപ്പെടുത്താതെ വലത് മൂലയിൽ നിന്ന് മെസി ബോക്സിന് മുൻപിൽ നിൽക്കുന്ന അൽവാരസിലേക്ക് പാസ് നൽകി. അൽവാരസിന് ഫിനിഷിങ്ങിൽ പിഴക്കാതിരുന്നതോടെ അർജന്റീന ലീഡ് ഉയർത്തി. 82 മിനിറ്റിൽ മകലിസ്റ്ററിന് ബോക്സിന് മുൻപിൽ നിന്ന് ഫ്രീ ഷോട്ട് ഉതിർക്കാനായെങ്കിലും ടാർഗറ്റിന് പുറത്തേക്കാണ് പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com