മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കാന്‍ സാധ്യത. ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിരാട് കോഹ് ലിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും വിശ്രമം നല്‍കിയതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ഉയരുന്നത്.
ബയോ ബബിളില്‍ നിന്ന് 10 ദിവസത്തെ ഇടവേളയാണ് കോഹ് ലിക്കും ഋഷഭ് പന്തിനും ബിസിസിഐ നല്‍കിയത്. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിലേക്കാവും ഇവര്‍ ഇനി തിരിച്ചെത്തുക. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് സൂചനകള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു ടീമില്‍ ഇടം നേടിയേക്കും. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു. ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സഞ്ജു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ രണ്ട് ട്വന്റി20യിലും വലിയ മികവ് പുറത്തെടുക്കാന്‍ ഇഷാന്‍ കിഷന് കഴിഞ്ഞിട്ടില്ല. ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. എന്നാല്‍ ലഭിച്ച അവസരം ഫലപ്രദമായി ഉപയോഗിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യ പരീക്ഷണം തുടരുന്ന സാഹചര്യത്തില്‍ സഞ്ജുവിനും വിളി എത്തിയേക്കും.
ടെസ്റ്റ് ക്യാപ്റ്റന്‍ ആരെന്ന് ഇന്നറിയാം
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനേയും ഇന്ന് പ്രഖ്യാപിച്ചേക്കും. വിരാട് കോഹ് ലി ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവെച്ചതിന് ശേഷം ടെസ്റ്റ് നായകനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നില്ല. രോഹിത് ശര്‍മയുടെ കൈകളിലേക്ക് തന്നെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും നല്‍കാനാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ