'ഫുട്ബോളിലും ഒറ്റപ്പെട്ടു'- റഷ്യയിലെ മത്സരങ്ങൾ നിരോധിച്ചു; ദേശീയ പതാകയ്ക്കും ​ഗാനത്തിനും വിലക്ക്; കടുപ്പിച്ച് ഫിഫ 

റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ സെസരി കുലേസ വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സൂറിച്ച്: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ ഫുട്‌ബോള്‍ ലോകത്ത് ഒറ്റപ്പെട്ടു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ റഷ്യയിലേക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് ടീമുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യക്കെതിരെ മത്സരിക്കില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫിഫ റഷ്യക്കെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

റഷ്യയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തി. മറ്റ് രാജ്യങ്ങളിലെ വേദികളില്‍ റഷ്യ മത്സരിക്കാന്‍ എത്തിയാല്‍ ദേശീയ പതാക, ദേശീയ ഗാനം എന്നിവയ്ക്കും വിലക്കുണ്ടായിരിക്കും. ഫിഫയുടെ ഗവേണിങ് ബോഡിയാണ് ഇക്കാര്യം തീരുമാനിച്ചത്. 

ഫിഫ പോരാട്ടങ്ങളില്‍ റഷ്യ എന്ന പേരിലായിരിക്കില്ല ടീം മത്സരിക്കുക. ഫുട്‌ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരിലായിരിക്കുമെന്നും ഫിഫ വ്യക്തമാക്കി. ഇവരുടെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ലെന്നും ഫിഫ തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം റഷ്യയെ ഫിഫയില്‍ നിന്ന് പുറത്താക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിന് ഫിഫ തയ്യാറായില്ല. ഫിഫയുടെ തീരുമാനത്തെ പോളണ്ട് പരസ്യമായി തന്നെ എതിര്‍ത്തു. റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ സെസരി കുലേസ വ്യക്തമാക്കി. 

'ഫിഫയുടെ പുതിയ തീരുമാനം അസ്വീകാര്യമാണ്. റഷ്യക്കെതിരെ കളിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. റഷ്യക്ക് പകരം വേറെന്ത് പേരില്‍ ടീമിനെ ഇറക്കിയാലും ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും ഇല്ല'- കുലേസ ട്വിറ്റര്‍ കുറിപ്പിലൂടെ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com