ധരംശാല: ശ്രീലങ്കക്കെതിരായ മൂന്നാം ടി20 പോരാട്ടവും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. തുടർച്ചയായ മൂന്നാം മത്സരത്തിലും ശ്രേയസ് അയ്യർ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെയാണ് ഇന്ത്യയുടെ സമ്പൂർണ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ്. മറുപടി ബാറ്റിങ്ങിൽ 19 പന്തും ആറ് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. തുടർച്ചയായ 12–ാം ജയത്തോടെ കൂടുതൽ തുടർ വിജയങ്ങളെന്ന അഫ്ഗാനിസ്ഥാന്റെ ലോക റെക്കോർഡിന് ഒപ്പമെത്തി ഇന്ത്യ.
ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും നങ്കൂരമിട്ടു കളിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അയ്യർ 45 പന്തിൽ 73 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്. 57*, 74*, 73* എന്നിങ്ങനെയാണ് ഈ പരമ്പരയിൽ അയ്യരുടെ പ്രകടനം. രവീന്ദ്ര ജഡേജ 15 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 22 റൺസുമായി അയ്യർക്കു കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 27 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു.
മലയാളി താരം സഞ്ജു സാംസൺ 12 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 18 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ സഞ്ജു – ശ്രേയസ് സഖ്യം 28 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു. ദീപക് ഹൂഡ 16 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസെടുത്തു. അതേസമയം, ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഒൻപതു പന്തുകൾ നേരിട്ട രോഹിത് ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്ത് പുറത്തായി. വെങ്കടേഷ് അയ്യർ നാല് പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്തും പുറത്തായി.
ശ്രീലങ്കയ്ക്കായി ലഹിരു കുമാര 3.5 ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര, ചാമിക കരുണരത്‌നെ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.
കാത്തത് ക്യാപ്റ്റൻ
അർധ ശതകം നേടിയ ക്യാപ്റ്റൻ ദസുൻ ഷനകയുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഷനക 38 പന്തിൽ ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 74 റൺസുമായി പുറത്താകാതെ നിന്നു.
ഷനകയ്ക്കു പുറമേ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ട് പേർ മാത്രം. 25 റൺസെടുത്ത ദിനേഷ് ചൻഡിമൽ, 12 റൺസുമായി പുറത്താകാതെ നിന്ന ചാമിക കരുണരത്‌നെ എന്നിവർ. 27 പന്തുകൾ നേരിട്ട ചൻഡിമൽ രണ്ട് ഫോറുകൾ സഹിതമാണ് 25 റൺസെടുത്തത്. 19 പന്തുകൾ നേരിട്ട ചാമിക കരുണരത്‌നെ 12 റൺസോടെയും പുറത്താകാതെ നിന്നു.
ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലും പിന്നാലെ അഞ്ചിന് 60 റൺസെന്ന നിലയിലും തകർന്ന ശ്രീലങ്കയ്ക്ക് പിരിയാത്ത ആറാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ഷനക – കരുണരത്നെ സഖ്യമാണ് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കിയത്. 47 പന്തുകൾ നേരിട്ട ഈ സഖ്യം ശ്രീലങ്കൻ സ്കോർ ബോർഡിൽ എത്തിച്ചത് 86 റൺസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates