ബ്രോഡിന്റെ ഓരോവറില്‍ 35 റണ്‍സ്! ലോക റെക്കോര്‍ഡിട്ട് ബുമ്ര

ബാറ്റിങിലൂടെ ബുമ്ര ഒരു അപൂര്‍വ ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഒരു മോശം റെക്കോര്‍ഡ് ബ്രോഡും സ്വന്തം പേരില്‍ കുറിച്ചു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ബിര്‍മിങ്ഹാം: ഓര്‍മയില്ലേ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവരാജ് സിങ് ഒരോവറില്‍ 36 റണ്‍സ് അടിച്ചത്. അന്നത്തെ അതേ അവസ്ഥയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് വീണ്ടും എത്തി. അന്ന് തല്ല് കിട്ടിയത് കരിയറിന്റെ തുടക്കത്തിലാണെങ്കില്‍ ഇത്തവണ കരിയറിന്റെ അന്ത്യ ഘട്ടത്തിലാണ്. യുവരാജിന് പകരം ക്രീസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്രയും!

ബാറ്റിങിലൂടെ ബുമ്ര ഒരു അപൂര്‍വ ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഒരു മോശം റെക്കോര്‍ഡ് ബ്രോഡും സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ബുമ്ര കുറിച്ചത്. ബ്രോഡ് ആകട്ടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറായി മാറി. 

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലാണ് ബുമ്ര ബ്രോഡിനെ തലങ്ങും വിലങ്ങും പായിച്ചത്. ബുമ്രയുടെ കൂറ്റനടികളും എക്ട്രാ റണ്‍സും കൂടി ആയതോടെ ഈ ഓവറില്‍ ആകെ പിറന്നത് 35 റണ്‍സ്. 

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തിച്ച ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തിയത്. നാല് ഫോറും രണ്ട് സിക്‌സും ഒരു റണ്ണും സഹിതം 29 റണ്‍സാണ് ബ്രോഡിനെതിരെ ബുമ്ര നേടിയത്. ഇതൊടൊപ്പം ആറ് എക്‌സ്ട്ര റണ്‍സും ബ്രോഡ് വഴങ്ങിയതോടെയാണു സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് എത്തിയത്. 

ഇന്നിങ്‌സിലെ 83ാം ഓവറിലായിരുന്നു ഈ ധാരാളിത്ത സ്‌പെല്‍. ആദ്യ പന്ത് ബുമ്ര ഫോറടിച്ചു. രണ്ടാം പന്ത് വൈഡും ഫോറും സഹിതം അഞ്ച് റണ്‍സ്. മൂന്നാം പന്ത് നോബോളായി. ആ പന്ത് ബുമ്ര സിക്‌സും തൂക്കിയതോടെ ഏഴ് റണ്‍സ്. അടുത്ത മൂന്ന് പന്തുകളില്‍ ഫോറുകള്‍ പിറന്നു. അഞ്ചാം പന്ത് സിക്‌സ്, ആറാം പന്തില്‍ ഒരു റണ്‍. മൊത്തം 35 റണ്‍സ്.  

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ, ഒരോവറില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കി. ഒരോവറില്‍ 28 റണ്‍സ് വീതം നേടിയ ബ്രയാന്‍ ലാറ, ജോര്‍ജ് ബെയ്‌ലി, കേശവ് മഹാരാജ് എന്നിവരെയാണു ബുമ്ര പിന്തള്ളിയത്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com