തകര്‍പ്പന്‍ ഹിറ്റ്മാന്‍! തകര്‍ത്തു ഇന്ത്യ! ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് ജയം

അര്‍ധ സെഞ്ച്വറി നേടിയ രോഹിത് 58 പന്തില്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പരമ്പരയ്ക്ക് ഉജ്ജ്വല തുടക്കമിട്ട് ഇന്ത്യ. ബൗളിങിലും ബാറ്റിങിലും ഒരുപോലെ ഇന്ത്യന്‍ താരങ്ങള്‍ മികവ് പുലര്‍ത്തി. ജസ്പ്രിത് ബുമ്ര ബൗളിങിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങിലും മിന്നും ഫോമില്‍ തിളങ്ങി. മുഹമ്മദ് ഷമിയും ശിഖര്‍ ധവാനും തങ്ങളുടേതായ സംഭാവനകളിലൂടെ വിജയത്തില്‍ കൈയൊപ്പു പതിച്ചു. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സെടുത്താണ് വിജയം പിടിച്ചത്. 

അര്‍ധ സെഞ്ച്വറി നേടിയ രോഹിത് 58 പന്തില്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും അഞ്ച് സിക്‌സും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്ന് പറന്നു. ശിഖര്‍ ധവാന്‍ രോഹിതിന് കട്ട പിന്തുണ നല്‍കി. 54 പന്തുകള്‍ നേരിട്ട ധവാന്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറുകളാണ് ധവാന്‍ നേടിയത്. 

നേരത്തെ ജസ്പ്രിത് ബുമ്‌റയുടെ മാരക ബൗളിങാണ് ഇംഗ്ലണ്ടിന്റെ അടി തെറ്റിച്ചത്. ടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. ലണ്ടനിലെ കെന്നിങ്ടന്‍ ഓവലില്‍ നടക്കുന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിനു മുന്നില്‍ അവര്‍ ബാറ്റിങ് മറന്നുപോയി. 

കരിയറിലെ ഏറ്റവും മികച്ച ഏകദിന ബൗളിങ് പുറത്തെടുത്ത ജസ്പ്രിത് ബുമ്രയുടെ മാരക ബൗളിങാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ പാടേ തെറ്റിച്ചത്. താരം 7.2 ഓവറില്‍ മൂന്ന് മെയ്ഡനടക്കം വെറും 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും കട്ടയ്ക്ക് നിന്നതോടെ ഇംഗ്ലണ്ട് നിലയിലാ കയത്തിലേക്ക് വീണു. അവിടെ നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. ശേഷിച്ച ഒരു വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയും നേടി.

തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള നാല് നിര്‍ണായക താരങ്ങള്‍ സംപൂജ്യരായി മടങ്ങിയത് ഇംഗ്ലീഷ് ടീമിന്റെ തകര്‍ച്ച വേഗത്തിലാക്കി. ജാസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരാണ് പൂജ്യത്തിന് മടങ്ങിയത്. 32 പന്തില്‍ ആറ് ഫോറുകളോടെ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് വില്ലി (21), ബ്രിഡോന്‍ കേഴ്‌സ് (15), മൊയിന്‍ അലി (14) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ജോണി ബെയര്‍‌സ്റ്റോ (20 പന്തില്‍ ഏഴ്), ക്രെയ്ഗ് ഓവര്‍ട്ടന്‍ (ഏഴു പന്തില്‍ എട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിനു പുറത്താകുമെന്ന തോന്നലുയര്‍ന്നെങ്കിലും, ഒന്‍പതാം വിക്കറ്റില്‍ ഡേവിഡ് വില്ലി  ബ്രൈഡന്‍ കേഴ്‌സ് സഖ്യം കൂട്ടിച്ചേര്‍ത്ത 35 റണ്‍സാണ് ആതിഥേയരെ രക്ഷിച്ചത്. 2001ലെ നാറ്റ്വെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയക്കെതിരെ 86 റണ്‍സിനു പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം. വെറും 68 റണ്‍സിനിടെ എട്ട് വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ട്, അവസാന രണ്ട് വിക്കറ്റില്‍ ചേര്‍ത്തത് 42 റണ്‍സ് ചേര്‍ത്താണ് സ്‌കോര്‍ 100 കടത്തിയത്. 

ഇംഗ്ലീഷ് നിരയില്‍ ടോപ് ഓര്‍ഡറിലെ ആദ്യ നാല് ബാറ്റര്‍മാരില്‍ മൂന്ന് പേരും ഒരു മത്സരത്തില്‍ പൂജ്യത്തിനു പുറത്താകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനു മുന്‍പ് 2018ല്‍ ഓസ്‌ട്രേലിയയ്ക്കെതിരെ അഡ്‌ലെയ്ഡില്‍ ജാസന്‍ റോയ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ എന്നിവര്‍ പൂജ്യത്തിനു പുറത്തായതാണ് ആദ്യ സംഭവം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com