കോഹ് ലി ഉഷാറായി, ​ഗുജറാത്ത് ടൈറ്റൻസിനെ എട്ട് വിക്കറ്റിന് തകർത്ത് ബാം​ഗ്ലൂർ; പ്ലേ ഓഫ് പ്രതീക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2022 07:23 AM  |  

Last Updated: 20th May 2022 07:25 AM  |   A+A-   |  

kohli_rcb

അർധസെഞ്ച്വറി ആഘോഷിക്കുന്ന വിരാട് കോഹ് ലി/ പിടിഐ

 

മുംബൈ; ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ് ലിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ആർസിബി എട്ടു വിക്കറ്റിന് ​ഗു​ജറാത്തിനെ വീഴ്ത്തിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു. നിർണായക മത്സരത്തിൽ വിജയം നേടിയതോടെ ബാം​ഗ്ലൂർ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. 

169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബാം​ഗ്ലൂരിന് വിരാട് കോഹ് ലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മികച്ച തുടക്കമാണ് നൽകിയത്. 14.3 ഓവർ വരെ നീണ്ടു നിന്ന ബാറ്റിങ് കൂട്ടുകെട്ട് 115 റൺസ് സ്കോർ ബോർഡിൽ ചേർത്തത്.  38 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 44 റണ്‍സെടുത്ത ഡുപ്ലെസിയെ പുറത്താക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലും വിരാട് കൊഹ് ലിക്ക് പിന്തുണയായി. 18 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 40 റണ്‍സാണ് മാക്സ്വെൽ അടിച്ചെടുത്തത്. 54 പന്തുകള്‍ നേരിട്ട കോഹ് ലി രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 73 റണ്‍സാണ് നേടിയത്. ദിനേഷ് കാര്‍ത്തിക്ക് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. ആര്‍സിബി നിരയില്‍ വീണ രണ്ടു വിക്കറ്റുകളും നേടിയത് റാഷിദ് ഖാനാണ്.

14 കളികളില്‍ നിന്ന് 16 പോയന്റുമായി ആര്‍സിബി നാലാം സ്ഥാനത്തെത്തി. ആര്‍സിബിയുടെ ജയത്തോടെ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട ഹാര്‍ദിക് മൂന്ന് സിക്സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു. വൃദ്ധിമാന്‍ സാഹ (31), ഡേവിഡ് മില്ലര്‍(34) എന്നിവരും ഗുജറാത്തിനായി മികവ് കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കാം 

ചരിത്രമെഴുതി നിഖാത് സരീന്‍; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ