16 ഡിസ്മിസലുകള്‍, 444 റണ്‍സ്; സഞ്ജു ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ വര്‍ഷം; നെറ്റിചുളിക്കുന്നവര്‍ അറിയാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2022 12:54 PM  |  

Last Updated: 29th May 2022 12:54 PM  |   A+A-   |  

sanju_samson

ചിത്രം; ഫേയ്സ്ബുക്ക്

 

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് എത്തി നില്‍ക്കുമ്പോഴും സഞ്ജുവിന് നേരെ നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ക്യാപ്റ്റന്‍സിയിലും മികവ് കാണിച്ച സീസണായിരുന്നു സഞ്ജുവിന്റെ ഇത്തവണത്തേത്. 

രാജസ്ഥാന്‍ ടീമില്‍ സീസണിലെ റണ്‍വേട്ടയില്‍ ജോസ് ബട്ട്‌ലറിന് പിന്നില്‍ രണ്ടാമത് സഞ്ജുവാണ്. 444 റണ്‍സ് ആണ് സഞ്ജു സീസണില്‍ ഇതുവരെ സ്‌കോര്‍ ചെയ്തത്. വിക്കറ്റ് കീപ്പിങ്ങിലേക്ക് വന്നാല്‍, സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും തന്റെ പേര് സഞ്ജു വെക്കുന്നു. 16 ഡിസ്മിസലുകളാണ് വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജു നടത്തിയത്. 14 ക്യാച്ചും രണ്ട് സ്റ്റംപിങ്ങും. 

വരുത്തേണ്ട ബൗളിങ് ചെയിഞ്ചുകളെ കുറിച്ചെല്ലാം ചിന്തിച്ച് നില്‍ക്കുന്നതിന് ഇടയിലാണ് വിക്കറ്റിന് പിന്നില്‍ മികവ് കാണിക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുന്നത്. രാജസ്ഥാനെ ഫൈനലിലേക്ക് എത്തിച്ച് ഷെയ്ന്‍ വോണിന് ഒപ്പവും സഞ്ജു സ്ഥാനം പിടിക്കുന്നു. 

26 സിക്‌സുകളാണ് രാജസ്ഥാന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പറന്നത്

സഞ്ജു ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ച സീസണ്‍ കൂടിയാവും ഇത്. 26 സിക്‌സുകളാണ് രാജസ്ഥാന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പറന്നത്. 2020 സീസണിലും സഞ്ജു 26 സിക്‌സുകള്‍ പറത്തിയിരുന്നു. എന്നാല്‍ ഇന്ന് ഫൈനലിലും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഒരു സിക്‌സ് പറന്നാല്‍ 10 വര്‍ഷത്തെ തന്റെ കരിയറില്‍ സഞ്ജു ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച സീസണാവും ഇത്. 

41 ഫോറുകളാണ് സീസണില്‍ സഞ്ജു അടിച്ചത്. ഏറ്റവും കൂടുതല്‍ ഫോറുകള്‍ സഞ്ജു നേടിയത് 2021ലാണ്. 45 എണ്ണം. 147.51 എന്ന സ്‌ട്രൈക്ക്‌റേറ്റ് സീസണില്‍ കണ്ടെത്താനും രാജസ്ഥാന്‍ ക്യാപ്റ്റന് കഴിഞ്ഞു. ആരാധകര്‍ കാത്തിരിക്കുന്ന സഞ്ജുവിന്റെ ബിഗ് ഇന്നിങ്‌സ് ഫൈനല്‍ വരുമെന്നാണ് പ്രതീക്ഷ. 

ഈ വാർത്ത കൂടി വായിക്കാം

പകരം വീട്ടാനെത്തിയ സല, എണ്ണം പറഞ്ഞ 5 ഷോട്ടുകള്‍; വില്ലനായി ചരിത്രമെഴുതി ക്വാര്‍ട്ടുവ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ