പകരം വീട്ടാനെത്തിയ സല, എണ്ണം പറഞ്ഞ 5 ഷോട്ടുകള്‍; വില്ലനായി ചരിത്രമെഴുതി ക്വാര്‍ട്ടുവ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2022 11:47 AM  |  

Last Updated: 29th May 2022 11:47 AM  |   A+A-   |  

salah_courtois

ഫോട്ടോ: ട്വിറ്റർ

 

പാരിസ്: 24 ഷോട്ടുകളാണ് റയലിന് എതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളില്‍ നിന്ന് വന്നത്. ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് 9 ഷോട്ടും. ആ ഒന്‍പതും തടുത്തിട്ടാണ് ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടുവ ചരിത്രമെഴുതിയത്. 

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ ഗോള്‍ കീപ്പറായി ക്വാര്‍ട്ടുവ. 16ാം മിനിറ്റില്‍ സലയാണ് ഗോള്‍മുഖത്ത് ലിവര്‍പൂളിന്റെ ആക്രമത്തിന് തുടക്കമിട്ടത്. ട്രെന്റ് അര്‍നോള്‍ഡിന്റെ ലോ ക്രോസ് സല പോസ്റ്റിന്റെ വലത് മൂലയിലേക്ക് തട്ടി. എന്നാല്‍ തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് ക്വാര്‍ട്ടുവ അതില്‍ കൈവെച്ചു. 

17ാം മിനിറ്റില്‍ വീണ്ടും ബോക്‌സിനുള്ളില്‍ നിന്ന് സലയുടെ ഷോട്ട് വന്നു. എന്നാലത് ക്വാര്‍ട്ടുവയ്ക്ക് വലിയ ഭീഷണിയായില്ല. 20ാം മിനിറ്റിലായിരുന്നു മനേയുടെ ഊഴം. മാനേയുടെ ഷോട്ടില്‍ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ക്വാര്‍ട്ടുവ കൈ വെച്ചു. ഗോള്‍ പോസ്റ്റില്‍ തട്ടി വന്ന റീബൗണ്ടും പിടിച്ചെടുത്തു. 

34ാം മിനിറ്റില്‍ അര്‍നോള്‍ഡിന്റെ ക്രോസില്‍ സലയുടെ ഹെഡ്ഡര്‍ വന്നെങ്കിലും പൊസിഷനില്‍ നിന്നിരുന്ന ക്വാര്‍ട്ടുവയുടെ കൈകളിലേക്ക് എത്തി. രണ്ടാം പകുതിയില്‍ 64ാം മിനിറ്റിലാണ് വീണ്ടും അപകടം വിതച്ച് സല എത്തിയത്. വലത് വിങ്ങില്‍ നിന്ന് ഇടത് മൂലയിലേക്കാണ് സല ലക്ഷ്യം വെച്ചത്. എന്നാല്‍ ഇടത്തേക്ക് ചാടി ക്വാര്‍ട്ടുവ ഭീഷണി അകറ്റി. 

69ാം മിനിറ്റില്‍ ഡിയാഗോ ജോട്ടയുടെ ഹെഡര്‍ ബാക്ക് പോസ്റ്റില്‍ സലയുടെ അരികിലേക്ക് എത്തുമ്പോഴേക്കും തടഞ്ഞ് ക്വാര്‍ട്ടുവയുടെ കാലുകള്‍ എത്തി. 82ാം മിനിറ്റില്‍ ലോങ് ക്രോസില്‍ തകര്‍പ്പന്‍ ഫസ്റ്റ് ടച്ചോടെ ഗോള്‍ മുഖത്തേക്ക് മുന്നേറിയ സലയുടെ ഷോട്ടും ക്വാര്‍ട്ടുവ തടഞ്ഞിട്ടതോടെ റയല്‍ 14ാം വട്ടം കിരീടത്തില്‍ മുത്തമിട്ടു. 

ഈ വാർത്ത കൂടി വായിക്കാം

'നിങ്ങളെ നോക്കി വോണ്‍ ചിരിക്കുകയാണ്'; ബാംഗ്ലൂരിന്റെ ഹൃദയം തൊടുന്ന ട്വീറ്റ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ