'ലോകം മാറിയിട്ടൊന്നുമില്ല, ഇനി രണ്ട് കളി കൂടി ഉണ്ട്'; അര്‍ജന്റീനയെ പിന്തുണച്ച് റാഫേല്‍ നദാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 10:17 AM  |  

Last Updated: 24th November 2022 10:17 AM  |   A+A-   |  

nadal messi

മെസി, നദാല്‍/ഫോട്ടോ: എപി, എഎഫ്പി

 

ദോഹ: അര്‍ജന്റീനയ്ക്ക് പിന്തുണയുമായി സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍. സൗദിയോട് തോറ്റത് ചൂണ്ടി അര്‍ജന്റീനയുടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ അവസാനിച്ചതായി ആര്‍ക്കും പറയാനാവില്ലെന്ന് റാഫേല്‍ നദാല്‍ പറഞ്ഞു. 

അത് വലിയ സന്തോഷം നല്‍കുന്നതുമല്ല, വലിയ ദുരന്തവുമല്ല. ലോകം മാറിയിട്ടില്ല. അവര്‍ ഒരു കളി തോറ്റു. അത്രയും ലളിതമാണ് അത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ഉണ്ട്. അവരില്‍ ആത്മവിശ്വാസമര്‍പ്പിക്കുക, ബഹുമാനം നല്‍കുക എന്നത് മാത്രമാണ്, നദാല്‍ പറഞ്ഞു. 

അമേരിക്കയിലെ ചാമ്പ്യന്മാരായാണ് അവര്‍ വരുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ തുടര്‍ച്ചയാണ് അവര്‍ കണ്ടെത്തിയത്. പിന്നെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നത് എന്തിന്? മുന്‍പോട്ട് പോകാന്‍ പാകത്തിലുള്ള ടീമാണ് അര്‍ജന്റീന എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, സ്പാനിഷ് ടെന്നീസ് ഇതിഹാസം പറഞ്ഞു. 

വളരെ സ്‌പെഷ്യലായ പല നിമിഷങ്ങളും മെസി നല്‍കി

റയലില്‍ നിന്ന് ജയങ്ങള്‍ ഏറെ നാള്‍ അകറ്റി നിര്‍ത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു. എങ്കിലും ഒരു കായിക പ്രേമി എന്ന നിലയില്‍ വളരെ സ്‌പെഷ്യലായ ഒരാളെ നമ്മള്‍ അഭിനന്ദിക്കണം. ലാ ലിഗയില്‍ മെസിയെ ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു. കായിക ലോകത്ത് വളരെ സ്‌പെഷ്യലായ പല നിമിഷങ്ങളും മെസി നല്‍കി. അതുകൊണ്ട് തന്നെ ഫുട്‌ബോള്‍ ചരിത്രത്തിലെ ടോപ് താരമാണ് മെസിയെന്നും നദാല്‍ പറഞ്ഞു. 

സൗദിയോട് 2-1നാണ് അര്‍ജന്റീന തോറ്റത്. ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോയ്ക്ക് എതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. നവംബര്‍ 26നാണ് അത്. പിന്നാലെ പോളണ്ടിനേയും നേരിടണം. രണ്ട് ജയങ്ങളും പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്നതില്‍ അര്‍ജന്റീനയ്ക്ക് ഇനി നിര്‍ണായകമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിറപ്പിച്ച് കാനഡ, പെനാല്‍റ്റി തടുത്തിട്ട് കുര്‍ട്ടോ; ഒരു ഗോള്‍ ബലത്തില്‍ ബെല്‍ജിയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ