'അന്ന് ചെന്നൈ ഐപിഎല്‍ കിരീടം നേടി; അതായിരുന്നു മനസ് നിറയെ'- ഏഷ്യാ കപ്പ് നേട്ടത്തില്‍ ഷനക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 12:36 PM  |  

Last Updated: 12th September 2022 12:36 PM  |   A+A-   |  

shanaka

ഫോട്ടോ: എഎഫ്പി

 

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് ഭാഗ്യം തുണച്ചത് പാകിസ്ഥാനെ ആയിരുന്നെങ്കിലും അന്തിമ വിജയം പക്ഷേ ശ്രീലങ്കയ്ക്ക് ഒപ്പമായിരുന്നു. ആറാം ഏഷ്യാ കപ്പിലും അവര്‍ മുത്തം ചാര്‍ത്തി. ഇപ്പോഴിതാ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങേണ്ടി വന്നപ്പോള്‍ താന്‍ പ്രതീക്ഷ വിട്ടിരുന്നില്ലെന്ന് പറയുകയാണ് ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക. 

2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം നേടിയത് തങ്ങളെ സംബന്ധിച്ച് വലിയൊരു പാഠമായിരുന്നുവെന്ന് ഷനക പറയുന്നു. ശ്രീലങ്കന്‍ ടീമിലെ പല താരങ്ങളും അന്ന് യുഎഇയില്‍ നടന്ന പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. അന്ന് യുഎഇയില്‍ ഐപിഎല്‍ കളിച്ച താരങ്ങള്‍ ലങ്കയുടെ ഏഷ്യാ കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചെന്നും ഷനക വ്യക്തമാക്കി. 

2021ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഫൈനലില്‍ ചെന്നൈ ടീമിന് ടോസ് നഷ്ടമായിരുന്നു. എന്നിട്ടും ആ വര്‍ഷം എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള സംഘം കിരീടം ഉയര്‍ത്തി. ആ മത്സരമായിരുന്നു മനസ് നിറയെ അതില്‍ നിന്ന് നിറയെ പഠിക്കാനുണ്ടായിരുന്നുവെന്നും ഷനക പറയുന്നു. 

യുഎഇയിലെ സഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തന്റെ ടീമിലെ യുവ താരങ്ങള്‍ക്ക് സാധിച്ചതായി ഷനക പറഞ്ഞു. അഞ്ച് വിക്കറ്റ് വീണതിന് ശേഷം ഹസരങ്ക, രജപക്‌സ സഖ്യവും ചമിക, ധനഞ്ജയ ഡി സില്‍വ എന്നിവരും ചേര്‍ന്ന് നടത്തിയ ബാറ്റിങ് മികച്ചതായിരുന്നു. 

170 എന്നത് പ്രതിരോധിക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. സഹതാരങ്ങള്‍ പ്രതിരോധം തീര്‍ക്കുമെന്ന് തനിക്ക് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു. 

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടത് ഇരുത്തി ചിന്തിപ്പിച്ചു. താരങ്ങളുമായി വളരെ ഗൗരവത്തില്‍ തന്നെ ചര്‍ച്ചകള്‍ നടത്തി. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഫീല്‍ഡിങിലെ പോരായ്മകള്‍ തിരുത്തി ടീം മുന്നോട്ടു പോയി ചാമ്പ്യന്‍മാരായെന്നും ഷനക കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

'ഷനക ബ്രില്യന്‍സ്'- അഫ്ഗാനോട് തോറ്റ് തുടങ്ങി; തുടരെ നാല് ജയങ്ങള്‍, കിരീടം; ക്യാപ്റ്റന്‍സിക്ക് പത്തില്‍ പത്ത് മാര്‍ക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ