കോടികൾ തരാമെന്ന് സൗദി ക്ലബ്; ഇതിഹാസത്തെ കാത്ത് ബാഴ്സലോണ; ലയണൽ മെസി എങ്ങോട്ട്?

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും മെസിയെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
ലയണൽ മെസി/ എഎഫ്പി
ലയണൽ മെസി/ എഎഫ്പി

പാരിസ്: അർജന്റീന നായകനും സൂപ്പർ താരവുമായ ലയണൽ മെസി അടുത്ത സീസണിൽ ഏത് ടീമിൽ കളിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. നിലവിൽ ഫ്രഞ്ച് ലീ​ഗ് വൺ വമ്പൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരമാണ് മെസി. ടീമിൽ തുടരാൻ മെസിക്ക് താത്പര്യമില്ലെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മോഹിപ്പിക്കുന്ന പ്രതിഫലവുമായി സൗദി അറേബ്യ ക്ലബ് അൽ ഹിലാൽ, നിശ്ചിത പ്രതിഫലത്തിനൊപ്പം ടീമിന്റെ ഓഹരി വാ​ഗ്ദാനവുമായി അമേരിക്കൻ മേജർ ലീ​ഗ് സോക്കർ ടീം ഇന്റർ മിയാമി ടീമുകൾ താരത്തിന് പിന്നാലെയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം യൂറോപ്പിൽ തന്നെ കളി തുടരണമെന്ന ആ​ഗ്രഹമാണ് മെസിക്കുള്ളത്. മുൻ ക്ലബും സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയെ തങ്ങളുടെ ഇതിഹാസ താരത്തെ തിരികെ ടീമിലെത്തിക്കാൻ ആ​ഗ്രഹിക്കുന്നതായും വാർത്തകളുണ്ട്. 

സൗദി ക്ലബ് അൽ ഹിലാൽ ഒരു സീസണിൽ 400 മില്യൺ ഡോളർ (ഏതാണ്ട് 3,590 കോടി ഇന്ത്യൻ രൂപ) നൽകാമെന്ന വമ്പൻ ഓഫറാണ് അർജന്റൈൻ നായകന് മുന്നിൽ വച്ചത്. എന്നാൽ താരത്തിന് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണില്‍ 200 മില്യൻ യൂറോ നല്‍കി സൗദി ക്ലബായ അൽ നസർ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുത്തിരുന്നു. ഇതോടെയാണ് അൽ ഹിലാൽ ലോക ഫുട്ബോൾ ഇതിഹാസ താരങ്ങളിലൊരാളും റൊണാൾഡോയ്ക്കൊപ്പം താരതമ്യങ്ങളിൽ ഇടം പിടിക്കാറുള്ള മെസിയെ എത്തിക്കാൻ ശ്രമിക്കുന്നത്. 

എംഎൽഎസിൽ മുൻ ഇം​ഗ്ലണ്ട് നായകൻ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഇന്റർ മിയാമി. ക്ലബിന് മെസിയുടെ പ്രതിഫലം വിലങ്ങാണ്. ഇതു മറികടക്കാൻ ടീമിന്റെ ഇത്ര ശതമാനം ഓഹരി നൽകാമെന്ന വാ​ഗ്ദാനമാണ് മെസിക്ക് മുന്നിൽ ബെക്കാം വയ്ക്കുന്നത്. ഇതിനോടും പക്ഷേ താരം പ്രതികരിച്ചിട്ടില്ല. 

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും മെസിയെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻപ് മെസിയുടെ സഹ തരമായി കളിച്ച ഷാവിയാണ് നിലവിൽ ബാഴ്സയുടെ പരിശീലകൻ. ഷാവി മെസിയുടെ സാന്നിധ്യം ആ​ഗ്രഹിക്കുന്നുണ്ട്. ഇതാണ് ആരാധകരെ ഇപ്പോൾ പ്രതീക്ഷയിൽ നിർത്തുന്ന ഘടകം. എന്നാൽ താരത്തിന്റെ പ്രതിഫലമാണ് ബാഴ്സലോണയ്ക്കും തലവേദനയായി നിൽക്കുന്നത്. 

നിലവിൽ പിഎസ്ജി ആരാധകർക്ക് മെസിയിൽ താത്പര്യമില്ല. മെസി കളത്തിലെത്തുമ്പോൾ തന്നെ നെ​ഗറ്റീവ് കമന്റുകളും കൂക്കി വിളികളുമാണ് ആരാധകർ നടത്തുന്നത്. ഇതാണ് ടീമിൽ തുടരാൻ മെസിക്ക് താത്പര്യം നഷ്ടപ്പെടുത്തിയ പ്രധാന ഘടകം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com