സഞ്ജുവിനെ വീണ്ടും തഴഞ്ഞു; കെഎല്‍ രാഹുല്‍ തുടരും; ജഡേജയും ഉനദ്കട്ടും തിരിച്ചെത്തി; ഓസീസിനെതിരായ ഏകദിന ടീം പ്രഖ്യാപിച്ചു 

By സമകാലികമലയാളം ഡെസ്ക്  |   Published: 20th February 2023 07:50 AM  |  

Last Updated: 20th February 2023 07:50 AM  |   A+A-   |  

sanju_samson

സഞ്ജു സാംസൺ/ എഎഫ്പി

 

മുംബൈ : ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞു. ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ ഏകദിന ടീമിലുള്‍പ്പെടുത്തി. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ജയ്‌ദേവ് ഉനദ്കട്ടും ഏകദിന ടീമില്‍ തിരിച്ചെത്തി. 

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ ചാംപ്യന്‍മാരാക്കിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം പരുക്കു പൂര്‍ണമായും മാറാത്തതിനാല്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ഏകദിന പരമ്പരയും കളിക്കാനാകില്ല. 

ടെസ്റ്റില്‍ മോശം ഫോം തുടരുന്ന കെ എല്‍ രാഹുല്‍ ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്. മുംബൈയുടെ യുവതാരം സര്‍ഫറാസ് ഖാനെ വീണ്ടും സെലക്ടര്‍മാര്‍ തഴഞ്ഞു. ഓസീസിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ രോഹിത് ശര്‍മ്മ കളിക്കില്ല. സ്വകാര്യ കാരണങ്ങളാലാണ് രോഹിത് വിട്ടു നില്‍ക്കുന്നത്. 

പകരം വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഏകദിനത്തില്‍ ടീമിനെ നയിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് 17നാണ് മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മുംബൈ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷാര്‍ദൂല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യ തൊട്ടരികെ; സാധ്യതകള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ