ഫിറ്റ്‌നസില്‍ ആശങ്ക; ജസ്പ്രീത് ബുംറ ലങ്കയ്‌ക്കെതിരായ ഏകദിനത്തിലും കളിക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 02:36 PM  |  

Last Updated: 09th January 2023 02:42 PM  |   A+A-   |  

bumrah

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും കളിക്കില്ല. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ബുംറയെ ഒഴിവാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ബിസിസിഐ ജസ്പ്രീത് ബുംറയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഏകദിന ലോകകപ്പ് അടക്കം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കാതെ ബുംറയെ ടീമിലെടുത്ത് കൂടുതല്‍ കുഴപ്പത്തിലാക്കേണ്ടെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ജസ്പ്രീത് ബുംറ, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20യിലാണ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. തുടര്‍ന്നുള്ള ഏഷ്യാകപ്പ്, ട്വന്റി 20 ലോകകപ്പ് എന്നിവയെല്ലം ബുംറയ്ക്ക് നഷ്ടമായിരുന്നു. 

അതേസമയം ജസ്പ്രീത് ബുംറയെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കിയോ എന്നതില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് അകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഏകദിന ടീമില്‍ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. ലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സൂര്യകുമാര്‍ യാദവ് യൂണിവേഴ്‌സ് ബോസ്; ഗെയ്‌ലും ഡി വില്ലിയേഴ്‌സും നിഴലുകള്‍ മാത്രം; പ്രശംസിച്ച് പാകിസ്ഥാന്‍ താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ