വിമര്‍ശനങ്ങള്‍ക്ക് ഉജ്ജ്വല അര്‍ധ സെഞ്ച്വറി മറുപടിയുമായി രാഹുല്‍; ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 08:51 PM |
Last Updated: 17th March 2023 08:51 PM | A+A A- |

കെഎൽ രാഹുലിന്റെ ബാറ്റിങ്/ പിടിഐ
വാംഖഡെ: ഫോമിനെക്കുറിച്ച് ചുറ്റും നിന്ന് വിമര്‍ശിച്ചവര്‍ക്ക് ബാറ്റിങ് മികവ് കൊണ്ടു മറുപടി നല്‍കി കെഎല്‍ രാഹുല്‍. താരത്തിന്റെ അവസരോചിത അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 35.4 ഓവറില്‍ 188 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്താണ് വിജയം പിടിച്ചത്.
ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- രവീന്ദ്ര ജഡേജ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ക്ഷമയോടെ ക്രീസില്‍ നിന്ന് രാഹുലും ഏഴാമനായി എത്തിയ ജഡേജയും ചേര്‍ന്ന് ജയത്തിലേക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു.
രാഹുല്‍ 91 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും സഹിതം 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജഡേജ 69 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 45 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് പിരിയാത്ത ആറാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ജയം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ നഷ്ടമായി. താരം മൂന്ന് റണ്‍സുമായി മടങ്ങി. പിന്നാലെ എത്തിയ വിരാട് കോഹ്‌ലിയും ക്ഷണത്തില്‍ മടങ്ങി. നാല് റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. കോഹ്‌ലി മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവും പുറത്ത്. താരത്തേയും സ്റ്റാര്‍ക്ക് എല്‍ബിയില്‍ കുടുക്കി. മൂന്നിന് 16 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. അല്‍പ്പ നേരം പിടിച്ചു നിന്ന സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മടങ്ങിയതോടെ ഇന്ത്യ നാലിന് 39 റണ്‍സ് എന്ന നിലയില്‍ പരുങ്ങി. ഗില്‍ 20 റണ്‍സെടുത്തു.
പിന്നീട് രാഹുലും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഇന്നിങ്‌സ് കരുപ്പിടിപ്പിക്കുന്നതിനിടെ ഹര്‍ദികിനെ മടക്കി മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ത്യയെ വീണ്ടും വെട്ടിലാക്കി. ഹര്‍ദിക് 31 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്തു. പിന്നീടാണ് രാഹുല്‍- ജഡേജ സഖ്യം ഇന്ത്യയെ ജയത്തിലേക്ക് നയിച്ച കൂട്ടുകെട്ടുമായി കളം നിറഞ്ഞത്.
ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളെടുത്തു. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്‌റ്റോയിനിസും നേടി.
നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടില്‍ കത്തിക്കയറിയ ഓസീസ് ബാറ്റിങ് നിര താരം പുറത്തായതിന് പിന്നാലെ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞി. പിന്നീട് ഒരു കൂട്ടുകെട്ട് പോലും സൃഷ്ടിക്കാന്‍ സാധിക്കാതെ അവര്‍ ആയുധം വച്ച് കീഴടങ്ങി.
പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിന് പതനത്തിന് ആക്കം കൂട്ടി. രവീന്ദ്ര ജഡേജ രണ്ടും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീവ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആറോവറില്‍ രണ്ട് മെയ്ഡനടക്കം 17 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ തുടക്കത്തില്‍ മടക്കിയെങ്കിലും സഹ ഓപ്പണറായി എത്തിയ മിച്ചല്‍ മാര്‍ഷ് ഒരറ്റത്ത് വെടിക്കെട്ടിന് തിരികൊളുത്തു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അല്‍പ്പ നേരം താരത്തിന് പിന്തുണ നല്‍കി. എന്നാല്‍ 22 റണ്‍സുമായി സ്മിത്ത് മടങ്ങി.
മൂന്നാം വിക്കറ്റായി മാര്‍ഷ് മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ 19.4 ഓവറില്‍ 129 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ഏഴ് വിക്കറ്റുകള്‍ വെറും 59 റണ്‍സില്‍ നിലം പൊത്തി.
മാര്‍ഷ് 65 പന്തുകള്‍ നേരിട്ട് പത്ത് ഫോറും അഞ്ച് സിക്സും സഹിതം 81 റണ്‍സ് വാരിയാണ് മടങ്ങിയത്.
പിന്നീട് മര്‍നസ് ലബുഷെയ്ന്‍ (15), ജോഷ് ഇംഗ്ലസ് (26), കാമറൂണ്‍ ഗ്രീന്‍ (12) എന്നിവരും പിടിച്ചു നില്‍ക്കാന്‍ നേരിയ ശ്രമം നടത്തി. അതിന് ശേഷം വന്ന ഒരാളും രണ്ടക്കം കണ്ടതുമില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് റണ്‍സുമായി പുറത്താകാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പറക്കും തീപ്പൊരി! ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്ക്- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ