'ധോനി മാന്ത്രികൻ, കുപ്പത്തൊട്ടിയെ മാണിക്യമാക്കുന്ന ടാക്റ്റിക്കല്‍ ജീനിയസ്'

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ വിജയ ഗാഥയുടെ പിന്നിലെ സ്രോതസ് ധോനിയുടെ സമാനതകളില്ലാത്ത സംഭവനകളാണെന്നും ഹെയ്ഡന്‍ വ്യക്തമാക്കി
സഹതാരങ്ങൾക്കൊപ്പം ധോനി/ പിടിഐ
സഹതാരങ്ങൾക്കൊപ്പം ധോനി/ പിടിഐ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനിയെ പ്രശംസിച്ച് മുന്‍ ചെന്നൈ താരവും ഓസീസ് ഇതിഹാസ ഓപ്പണറുമായ മാത്യു ഹെയ്ഡന്‍. മാന്ത്രികനായ മനുഷ്യനാണ് ധോനിയെന്ന് ഹെയ്ഡന്‍ പറയുന്നു. ധോനിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞു നില്‍ക്കവേയാണ് ഹെയ്ഡന്റെ പ്രശംസ. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ വിജയ ഗാഥയുടെ പിന്നിലെ സ്രോതസ് ധോനിയുടെ സമാനതകളില്ലാത്ത സംഭവനകളാണെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. 

'എംസ് ഒരു മജീഷ്യനാണ്. കുപ്പത്തൊട്ടിയെ മാണിക്യമാക്കി ജ്വലിപ്പിക്കാന്‍ മികവുള്ള ടാക്റ്റീഷ്യന്‍. മുന്നില്‍ നിന്നു നയിക്കാന്‍ അദ്ദേഹത്തിന് സവിശേഷ സിദ്ധിയുണ്ട്. പോസിറ്റീവായ നായകനാണ് അദ്ദേഹം.'   

'ചെന്നൈ ടീമിനെ കെട്ടിപ്പടുക്കുന്നതിലും അതിന്റെ സ്ഥിരതയ്ക്ക് പിന്നിലും അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ട്. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെയാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. മുന്‍പ് ഇന്ത്യയെ അങ്ങനെയാണ് അദ്ദേഹം നയിച്ചത്. സമാന രീതിയാണ് ചെന്നൈ ടീമിലും നടപ്പാക്കിയത്.' 

'ടാക്റ്റിക്കല്‍ ജീനിയസാണ് എംഎസ്. ചെന്നൈ ടീമിന്റെ പത്താം ഫൈനല്‍ പ്രവേശത്തില്‍ വലിയ പങ്കു വഹിച്ചതും ധോനിയുടെ നയകത്വ മികവ് തന്നെ.' 

'ഈ സീസണിന്റെ തുടക്കത്തില്‍ ടീമിലെ ബൗളിങ് വിഭാഗം അത്ര കരുത്തുറ്റതായിരുന്നില്ല. മത്സരങ്ങള്‍ പുരോഗമിക്കവേ അദ്ദേഹം ടീമിലെ ബൗളിങ് നിരയെ സവിശേഷമായി തന്നെ മാറ്റിയെടുത്തു. ബാറ്റിങ് നിരയില്‍ അജിന്‍ക്യ രഹാനെ, ശിവം ഡുബെ എന്നിവരുടെ മികവും ധോനിയുടെ ഇടപെടലിന്റെ തെളിവാണ്. ഇരുവരുടേയും ഫോം ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ ചര്‍ച്ചയായി'- ഹെയ്ഡന്‍ പറഞ്ഞു. 

അടുത്ത ഐപിഎല്ലില്‍ ധോനി കളിക്കാന്‍ ഇറങ്ങുമോ എന്നത് വലിയ പ്രസക്തിയുള്ള കാര്യമല്ലെന്ന് ഹെയ്ഡന്‍ പറയുന്നു. വ്യക്തിപരമായി അതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com