കെയ്ന്‍ വില്ല്യംസന്റെ ശതകം; ഇംഗ്ലണ്ടിന് ജയിക്കാന്‍ റണ്‍ മല താണ്ടണം

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിനു മുന്നില്‍ 658 റണ്‍സ് ലക്ഷ്യം വച്ച് ന്യൂസിലന്‍ഡ്
Kane Williamson's century
കെയ്ൻ വില്ല്യംസൻഎപി
Updated on

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു കൂറ്റന്‍ വിജയ ലക്ഷ്യം. ജയിക്കാന്‍ ഇംഗ്ലണ്ട് 658 റണ്‍സ് എടുക്കണം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിനു തിരിച്ചടിയാണ്. 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിനു ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു.

സാക് ക്രൗളി (5), ബെന്‍ ഡുക്കറ്റ് (4) എന്നിവരാണ് മടങ്ങിയത്. 8 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിനു ഇനിയും വേണം 640 റണ്‍സ്. 9 റണ്‍സുമായി ജേക്കബ് ബേതലും റണ്ണൊന്നുമെടുക്കാതെ ജോ റൂട്ടുമാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്സില്‍ 347 റണ്‍സിനു പുറത്തായ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് വെറും 143 റണ്‍സില്‍ അവസാനിപ്പിച്ചു. 204 റണ്‍സിന്റെ നിര്‍ണായക ലീഡുമായി തുടങ്ങിയ കിവികള്‍ രണ്ടാം ഇന്നിങ്‌സില്‍ 453 റണ്‍സെടുത്താണ് കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ചത്.

മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ നേടിയ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ കിവികളെ കരുത്തുറ്റ നിലയിലെത്തിച്ചത്. കരിയറിലെ 33ാം സെഞ്ച്വറിയാണ് വില്ല്യംസന്‍ കുറിച്ചത്. താരം 20 ഫോറും ഒരു സിക്‌സും സഹിതം 156 റണ്‍സെടുത്തു.

അര്‍ധ സെഞ്ച്വറി നേടിയ വില്‍ യങ് (60), ഡാരില്‍ മിച്ചല്‍ (60) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രചിന്‍ രവീന്ദ്ര (44), ടോം ബ്ലന്‍ഡല്‍ (പുറത്താകാതെ 44), മിച്ചല്‍ സാന്റ്‌നര്‍ (49) എന്നിവരും തിളങ്ങി. സാന്റ്‌നര്‍ വെടിക്കെട്ട് മൂഡിലാണ് ബാറ്റ് വീശിയത്. 38 പന്തില്‍ 5 സിക്‌സും 3 ഫോറും താരം പറത്തി.

ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സില്‍ ജേക്കബ് ബേതല്‍ 3 വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ 2 വിക്കറ്റെടുത്തു. ഗസ് അറ്റ്കിന്‍സന്‍, മാത്യു പോട്‌സ്, ജോ റൂട്ട് ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ 4 വിക്കറ്റെടുത്ത മാറ്റ് ഹെന്റി മൂന്ന് വീതം വിക്കറ്റുകളെടുത്ത മിച്ചല്‍ സാന്റ്നര്‍, വില്‍ ഒറൂര്‍ക്ക് എന്നിവരുടെ മികവാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്. സാന്റ്നര്‍ ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ടീമിന്റെ ടോപ് സ്‌കോററായി ഓള്‍ റൗണ്ട് മികവോടെ കളം വാണു.

32 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്റ്റോക്സ് (27), ഒലി പോപ്പ് (24), ഓപ്പണര്‍ സാക് ക്രൗളി (21) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെന്ന നിലയിലാണ് കിവികള്‍ രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിവസം മികച്ച തുടക്കം ലഭിച്ച ശേഷം ന്യൂസിലന്‍ഡ് തകരുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്നറാണ് ടോപ് സ്‌കോററായത്. താരം 76 റണ്‍സെടുത്തു ടീം സ്‌കോര്‍ 247ല്‍ എത്തിച്ചു. ക്യാപ്റ്റന്‍ ടോം ലാതം (63), സഹ ഓപ്പണര്‍ വില്‍ യങ് (42), മൂന്നാമനായി എത്തിയ കെയ്ന്‍ വില്ല്യംസന്‍ (44) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ കിവികള്‍ 105 റണ്‍സില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി.

ഇംഗ്ലണ്ടിനായി മാത്യു പോട്സ് 4 വിക്കറ്റെടുത്തു. ഗസ് അറ്റ്കിന്‍സന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ബെന്‍ സ്റ്റോക്സ് ഒരു വിക്കറ്റടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com