മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്ലിയെയും വിമര്‍ശിച്ച് ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. മുന്‍നിര താരങ്ങള്‍ സംഭാവന ചെയ്യുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് വാലറ്റത്തെ കുറ്റപ്പെടുത്തുന്നതെന്ന് സുനില്‍ ഗാവസ്‌കര്‍ ചോദിച്ചു.
നാലാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 184 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യ പിന്നിലായി. യശസ്വി ജയ്സ്വാള്‍ (84) ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണ്ടും പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്.
'എല്ലാം സെലക്ടര്‍മാരെ ആശ്രയിച്ചിരിക്കുന്നു. പ്രതീക്ഷിച്ച സംഭാവനകള്‍ വന്നിട്ടില്ല. മുന്‍നിര സംഭാവന നല്‍കണം, മുന്‍നിര സംഭാവന ചെയ്യുന്നില്ലെങ്കില്‍, എന്തിനാണ് വാലറ്റത്തെ കുറ്റപ്പെടുത്തുന്നത്.'- 2025ല്‍ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടിയായി ഗാവസ്‌കര്‍ പറഞ്ഞു.
'മുതിര്‍ന്ന താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ നല്‍കേണ്ട സംഭാവന നല്‍കിയിട്ടില്ല, അവര്‍ ചെയ്യേണ്ടത് ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്ത് പോരാടുകയായിരുന്നു. മുന്‍നിര താരങ്ങള്‍ സംഭാവന നല്‍കിയില്ല എന്നതാണ് ഈ പരാജയത്തിന് കാരണം.'- ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ജയ്സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനെ പ്രശംസിച്ച ഗാവസ്‌കര്‍ ഋഷഭ് പന്തിന്റെ ഷോട്ട് സെലക്ഷനെ വീണ്ടും വിമര്‍ശിച്ചു. 3 വിക്കറ്റിന് 33 എന്ന നിലയിലാണ് പന്തും ജയ്‌സ്വാളും കൈകോര്‍ത്തത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ ഇന്ത്യയെ 121 ലെത്തിച്ചു. പന്ത് അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് വീണ്ടും ഔട്ടായതെന്നും ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.
'ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ ഋഷഭ് പന്തും യശസ്വി ജയ്സ്വാളും നല്ലരീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്. ചായ സമയത്ത്, തീര്‍ച്ചയായും ഇന്ത്യയ്ക്ക് സമനില നേടാനാകുമെന്ന് തോന്നി. കാരണം ഒരു മണിക്കൂര്‍ കൂടി വിക്കറ്റ് കളയാതെ ഇന്ത്യ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യ പരാജയപ്പെടില്ലായിരുന്നു'- ഗാവസ്‌കര്‍ പറഞ്ഞു. വിക്കറ്റ് കളയാതെ പൊരുതിയിരുന്നുവെങ്കില്‍ അവസാന ഓവറുകളില്‍ ഓസ്‌ട്രേലിയ സമനില സമ്മതിക്കുമായിരുന്നുവെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക