ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ, ബാറ്റര്‍ കെ എല്‍ രാഹുല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. 2014ല്‍ ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പര്യടനത്തിലും കോഹ് ലിയുടെ നേതൃത്വത്തിലുള്ള 2018 പരമ്പരയിലും രാഹുല്‍ ടീമിന്റെ ഭാഗമായിരുന്നു. മൊത്തത്തില്‍, ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകള്‍ കളിച്ച രാഹുല്‍ 20.77 ശരാശരിയില്‍ 187 റണ്‍സ് മാത്രമാണ് നേടിയത്. സിഡ്നിയില്‍ നേടിയ ഒരു സെഞ്ച്വറി മാത്രമാണ് ഇതില്‍ എടുത്തു പറയാനുള്ളത്.
ന്യൂസിലന്‍ഡിനെതിരായ നിരാശാജനകമായ ഹോം പരമ്പരയ്ക്ക് ശേഷം, അദ്ദേഹത്തിന്റെ ഫോമില്‍ ടീം മാനേജ്‌മെന്റ് ആശങ്കയിലാണ്. ആകെ കളിച്ച ഒരു ടെസ്റ്റില്‍ 0, 12 എന്നതാണ് രാഹുലിന്റെ സംഭാവന. ഓസ്‌ട്രേലിയയില്‍ വേണ്ട പരിശീലനം ലഭിക്കുന്നതിന് ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യന്‍ എ ടീം പ്രതിനിധിയായി കളിച്ചപ്പോഴും വേണ്ട പോലെ ശോഭിക്കാന്‍ രാഹുലിന് സാധിച്ചില്ല. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി രാഹുലിന് അവസരം നല്‍കാനുള്ള നീക്കത്തിലാണ് ടീം മാനേജ്‌മെന്റ്. മത്സരത്തില്‍ കളിപ്പിക്കുകയാണെങ്കില്‍ ഓപ്പണിങ് റോളിലായിരിക്കും രാഹുല്‍ ഇറങ്ങുക. കെ എല്‍ രാഹുല്‍ ഒരു മനോഹരമായ സ്‌ട്രോക്ക് പ്ലെയര്‍ ആണെന്ന് വിശേഷിപ്പിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍, രാഹുലിനോട് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതിലും കൂടുതല്‍ നേരം ക്രീസില്‍ ചെലവഴിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിച്ചു. അഡ്‌ലെയ്ഡില്‍ ദ്രാവിഡ്- ലക്ഷ്മണ്‍ കൂട്ടുകെട്ട് ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ഹെയ്ഡന്റെ മാര്‍ഗനിര്‍ദേശം.
'കെ എല്‍ രാഹുല്‍ ഒരു മനോഹരമായ സ്‌ട്രോക്ക് പ്ലെയറാണ്. ഉസ്മാന്‍ ഖവാജയെ പോലെ തികച്ചും വ്യത്യസ്തമായ ഒരു ശൈലി അവന്‍ പെട്ടെന്ന് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ബാറ്ററിനും ഗെയിമിനോട് സവിശേഷമായ സമീപനമുണ്ട്. ടെസ്റ്റ് രംഗത്തെ ഏതൊരു ബാറ്റര്‍ക്കും എനിക്ക് നല്‍കാനുള്ള ഒന്നാം നമ്പര്‍ ഉപദേശം സ്വന്തം കളി കളിക്കുക എന്നതാണ്. എന്നാല്‍ ആദ്യം, നിങ്ങളുടെ ഗെയിം അറിയേണ്ടതുണ്ട്. അതായിരിക്കാം കെഎല്‍ രാഹുലിന്റെ വെല്ലുവിളി. ഒരു സ്‌ട്രോക്ക് പ്ലെയര്‍ എന്ന നിലയില്‍ നിരവധി ഓപ്ഷനുകള്‍ ഉള്ളത് ചിലപ്പോള്‍ അദ്ദേഹത്തിന് തന്നെ വിനയാകാം. ബാറ്റിങ്ങില്‍ കൂടുതല്‍ സമയം ചെലവഴിക്കുക എന്ന അടിസ്ഥാന തത്വത്തില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്'- ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
'മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനാണ് രാഹുല്‍ തീരുമാനിക്കുന്നതെങ്കില്‍, പുതിയ പന്തിനെ അപേക്ഷിച്ച് അദ്ദേഹത്തിന് സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായേക്കാം. ഓപ്പണറായി പുതിയ പന്ത് നേരിടുന്നതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മിഡില്‍ ഓര്‍ഡറില്‍ അദ്ദേഹത്തിന് സാധിച്ചേക്കാം'- അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക