മുള്‍ട്ടാന്‍: ഒന്നാം ഇന്നിങ്‌സില്‍ 556 റണ്‍സ് എടുത്തിട്ടും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന് വമ്പന്‍ പരാജയം. ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ വിജയം. സല്‍മാന്‍ അലിയും ആമിര്‍ ജമാലും പോരാട്ടം തുടര്‍ന്നെങ്കിലും പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സില്‍ 220 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഒരു ടീം അഞ്ഞൂറിലധികം റണ്‍സ് എടുത്തിട്ടും ഇന്നിങ്‌സ് പരാജയം നേടുന്ന ആദ്യടീമെന്ന നാണക്കേടിന്റെ ചരിത്രം പാകിസ്ഥാന്റെ പേരിലായി.
പനിയെ തുടര്‍ന്ന് അബ്രാര്‍ അഹമ്മദ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1- 0 ത്തിന് മുന്നിലാണ്. ഗസ് അറ്റ്കിന്‍സനും അരങ്ങേറ്റക്കാരന്‍ ബ്രൈഡന്‍ കേഴ്‌സൂം ക്രിസ് വോക്‌സും മുന്‍നിരതാരങ്ങളെ തകര്‍ത്തപ്പോള്‍ മറ്റ് നാല് വിക്കറ്റുകള്‍ ഇടംകയ്യന്‍ സ്പിന്നര്‍ ജാക്ക് ലീച്ച് സ്വന്തമാക്കി. സയിം അയൂബ് (35 പന്തില്‍ 25), ബാബര്‍ അസം (15 പന്തില്‍ 5), സൗദ് ഷക്കീല്‍ (33 പന്തില്‍ 29), മുഹമ്മദ് റിസ്വാന്‍ (19 പന്തില്‍ 10) എന്നിവരാണ് നാലാം ദിനം പുറത്തായ പാക് താരങ്ങള്‍.
152-6 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്ഥാനുവേണ്ടി സല്‍മാന്‍ അലിയും ജമാലും ഒരു മണിക്കൂറിലെറെ നേരം ചെറുത്തുനില്‍ക്കുകയും അവരുടെ കൂട്ടുകെട്ട് 109 റണ്‍സ് നേടുകയും ചെയ്തു. തന്റെ ആദ്യ ഓവറില്‍ തന്നെ ലീച്ച് സല്‍മാന്‍ അലിയെ എല്‍ബിയില്‍ കുടുക്കി. പിന്നീട് വാലറ്റക്കാരായ ഷഹീന്‍ ഷാ അഫ്രീദിയെയും നസീം ഷായെയും ലീച്ച് അതിവേഗം മടക്കിയപ്പോള്‍ അമീര്‍ ജമാല്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു
നേരത്തെ, കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചറിയുമായി ഹാരി ബ്രൂക്കും (317) ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ജോ റൂട്ടും (262) ക്രീസില്‍ നങ്കൂരമിട്ടതോടെയാണ് ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ സ്‌കോര്‍ ഉയര്‍ത്തിയാണ് പാക്കിസ്ഥാനെ വിറപ്പിച്ചത്.
ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചറിയും ബ്രൂക്കിന്റെ പേരിലായി. പതിവ് ശൈലിയില്‍ ബാറ്റിങ് തുടര്‍ന്ന റൂട്ട് ടെസ്റ്റിലെ ആറാം ഡബിള്‍ സെഞ്ചറി നേട്ടത്തിനു പുറമേ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു. ഇരുവരും നാലാം വിക്കറ്റില്‍ നേടിയ 454 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന നാലാമത്തെ കൂട്ടുകെട്ടാണ്. വിക്കറ്റു നേടാനാവാതെ 150 ഓവറുകളാണ് പാക്ക് ബോളര്‍മാര്‍ക്ക് പന്തെറിയേണ്ടി വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക