
ന്യൂഡല്‍ഹി: സീസണിലെ ആദ്യ തോല്‍വിക്കു പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം. സ്വന്തം മൈതാനത്ത് ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന റെക്കോര്‍ഡിലാണ് ഡല്‍ഹിയും എത്തിയത്.
സ്വന്തം മൈതാനമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് അവര്‍ 12 റണ്‍സിനു പരാജയപ്പെട്ടതോടെയാണ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമാണ് ഡല്‍ഹിയും മോശം റെക്കോര്‍ഡില്‍ പേരെഴുതിയത്.
ഡല്‍ഹി ക്യാപിറ്റല്‍സ് ഹോം ഗ്രൗണ്ടില്‍ വഴങ്ങുന്ന 45ാം തോല്‍വിയാണിത്. സ്വന്തം തട്ടകമായ ബംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും 45 തോല്‍വികള്‍ വഴങ്ങിയിട്ടുണ്ട്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഇരു ടീമുകളും കഴിഞ്ഞ രണ്ടാമത്. അവര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ 38 തോല്‍വികള്‍ വഴങ്ങിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് വാംഖഡെ സ്‌റ്റേഡിയത്തില്‍ 34 മത്സരങ്ങള്‍ തോറ്റു.
തുടരെ നാല് വിജയങ്ങളും സ്വപ്‌നതുല്യ കുതിപ്പ് നടത്തിയ ഡല്‍ഹിയുടെ മുന്നേറ്റത്തിനു മുംബൈ സമര്‍ഥമായി കടിഞ്ഞാണിടുകയായിരുന്നു. തുടര്‍ തോല്‍വിയില്‍ നിന്നു മുംബൈ വിജയ വഴിയിലേക്കെത്തിയെന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്.
ത്രില്ലിങ് പോരാട്ടത്തില്‍ ഡല്‍ഹി 12 റണ്‍സ് തോല്‍വിയാണ് വഴങ്ങിയത്. 206 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ പോരാട്ടം 19 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ചു.
സെന്‍സേഷണല്‍ തിരിച്ചു വരവുമായി മലയാളി താരം കരുണ്‍ നായര്‍ ഡല്‍ഹി ജേഴ്‌സിയില്‍ സീസണില്‍ ആദ്യമായി കളിച്ച് മിന്നും ബാറ്റിങ് പുറത്തെടുത്തു. താരം 40 പന്തില്‍ 89 റണ്‍സ് വാരി.
എന്നാല്‍ ടീമിനെ ജയത്തിലെത്തിക്കാന്‍ പിന്നീടെത്തിയവര്‍ക്ക് സാധിച്ചില്ല. അവസാന ഘട്ടത്തില്‍ തുടരെ മൂന്ന് റണ്ണൗട്ടുകള്‍ ഡല്‍ഹിയുടെ തോല്‍വി ഗതി നിര്‍ണയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക