
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്നിങ്‌സിനും 242 റണ്‍സിനുമാണ് ഓസീസ് ജയം പിടിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ റണ്‍സ് മല താണ്ടാന്‍ രണ്ടിന്നിങ്‌സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്ക് അതിനടുത്തെത്താന്‍ പോലും സാധിച്ചില്ല.
ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 654 റണ്‍സെടുത്ത് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തു. ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 165 റണ്‍സില്‍ അവസാനിച്ചു. ഫോളോ ചെയ്യപ്പെട്ട അവരുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 247 റണ്‍സും അവസാനിച്ചു.
ഓസീസ് നിരയില്‍ മാത്യു കുനെമാന്‍ ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകളും വീഴ്ത്തി മൊത്തം 9 വിക്കറ്റുകളുമായി ലങ്കന്‍ തകര്‍ച്ചയ്ക്ക് നിര്‍ണായക വഴിയൊരുത്തി. രണ്ടിന്നിങ്‌സിലുമായി 7 വിക്കറ്റെടുത്ത് നതാന്‍ ലിയോണും തിളങ്ങി.
ഒന്നാം ഇന്നിങ്‌സില്‍ ദിനേഷ് ചാന്‍ഡിമല്‍ മാത്രമാണ് ഓസീസ് ബൗളിങിനെ ചെറുത്തത്. താരം 72 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ വാലറ്റത്ത് ജെഫ്രി വാന്‍ഡര്‍സെ (53) അര്‍ധ സെഞ്ച്വറിയുമായി പൊരുതി. ദിനേഷ് ചാന്‍ഡിമല്‍ (31), ആഞ്ചലോ മാത്യുസ് (41), കാമിന്ദു മെന്‍ഡിസ് (39), കുശാല്‍ മെന്‍ഡിസ് (34) എന്നിവരും പിടിച്ചു നിന്നു.
ആദ്യം ബാറ്റിങിനു ഇറങ്ങിയ ഓസ്‌ട്രേലിയക്കായി കന്നി ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയുമായി ഓപ്പണര്‍ ഉസ്മാന്‍ ഖവാജ മിന്നും ഫോമിലേക്ക് മടങ്ങിയെത്തി. ഒപ്പം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ സെഞ്ച്വറികളുടേയും ബലത്തിലാണ് ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലെത്തിയത്.
ഖവാജ കന്നി ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇംഗ്ലിസ് സെഞ്ച്വറിയടിച്ചു. ഖവാജ 16 ഫോറും ഒരു സിക്‌സും സഹിതം 232 റണ്‍സ് കണ്ടെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ 94 പന്തില്‍ 102 റണ്‍സുമായി ഇംഗ്ലിസ് പൊരുതി. 10 ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. സ്മിത്ത് 12 ഫോറും 2 സിക്‌സും സഹിതം 141 റണ്‍സ് കണ്ടെത്തി.
40 പന്തില്‍ 57 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് മികച്ച തുടക്കമാണ് നല്‍കിയത്. ട്രാവിസ് ഹെഡിനെ പ്രബാത് ജയസൂര്യ ആണ് പുറത്താക്കിയത്. 50 പന്തില്‍ 20 റണ്‍സ് നേടിയ ലാബുഷെയ്‌നെ ജ്രെഫി വാന്‍ഡെര്‍സെയാണ് കുടുക്കിയത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ ആക്രമണശൈലിയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തലങ്ങുംവിലങ്ങും പന്ത് പായിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ശ്രീലങ്കയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. പത്ത് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ട്രാവിസ് ഹെഡിന്റെ അര്‍ധ ശതകം. ലങ്കന്‍ നിരയില്‍ പ്രബാത് ജയസൂര്യ 3 വിക്കറ്റുകള്‍ വീഴ്ത്തി. വാന്‍ഡര്‍സെ 2 വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക