

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശ പര്യടനത്തിനു പോകുമ്പോള്‍ കുടുംബത്തെ ഒപ്പം കൂട്ടാറുണ്ട്. ഇനി മുതല്‍ അക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയാണ് തീരുമാനത്തിനു പിന്നിലെന്നും വിവരങ്ങളുണ്ട്.
പര്യടന സമയത്ത് കളിക്കാര്‍ കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവിടുന്നത് ഒഴിവാക്കണമെന്ന നിബന്ധന കോച്ച് ഗൗതം ഗംഭീറാണ് മുന്നോട്ടു വച്ചത്. ടീമിലെ അച്ചടക്കമില്ലായ്മ ഒരു പ്രശ്‌നമാണെന്നു ഗംഭീര്‍ വ്യക്തമാക്കി. ഇതനുസരിച്ച് ചുരുങ്ങിയ ദിവസത്തേക്കാണെങ്കിലും ദീര്‍ഘ കാലത്തേക്കാണു പര്യടനമെങ്കിലും കുടുംബത്തിനൊപ്പം ചെലവിടുന്ന സമയത്തിനു നിയന്ത്രണങ്ങള്‍ വേണമെന്നാണ് പരിശീലകന്റെ നിലപാട് എന്നാണ് വിവരം.
45 ദിവസത്തിനു മുകളിലാണ് പര്യടനമെങ്കില്‍ രണ്ടാഴ്ചയും ചെറിയ കാലത്തേക്കാണ് പര്യടനമെങ്കില്‍ 7 ദിവസവുമാണ് കുടുംബത്തിനു താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അനുമതി നല്‍കാറുള്ളത്. ഇനി ഈ ദിവസങ്ങളും വെട്ടിക്കുറയ്ക്കപ്പെട്ടേക്കാം.
ടീമിലെ ജൂനിയര്‍ താരങ്ങളോടു ബോര്‍ഡും മാനേജ്‌മെന്റും കൂടുതല്‍ കര്‍ശനമായി പെരുമാറണം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ നിരവധി സീനിയര്‍, ജൂനിയര്‍ താരങ്ങള്‍ പുറത്തു പോയി അത്താഴം കഴിച്ചു. പര്യടനത്തില്‍ ഒരു തവണ മാത്രമാണ് ടീം ഒരുമിച്ച് അത്താഴം കഴിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം അച്ചടക്ക ലംഘനമായാണ് ബോര്‍ഡ് വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates