
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കടുത്ത അച്ചടക്കം കൊണ്ടു വരാന്‍ ബിസിസിഐ തീരുമാനിച്ചത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതനുസരിച്ച് ഇനി മുതല്‍ വിദേശ പര്യടനത്തില്‍ കുടുംബങ്ങളെ കൊണ്ടു പോകുന്ന പതിവിനടക്കം നിയന്ത്രണം വന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടും വന്നിരുന്നു. അച്ചടക്കം പാലിക്കാനുള്ള നടപടികള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോര്‍ഡ് നടപ്പാക്കാനൊരുങ്ങുന്ന പുതിയ നയം എല്ലാ താരങ്ങളും കര്‍ശനമായി പിന്തുടരണമെന്ന നിര്‍ദ്ദേശവുമുണ്ട്.
പര്യടനത്തിനു പോയാല്‍ ഇനി വ്യക്തിഗത ഷൂട്ടിങുകള്‍ മറ്റ് സ്വകാര്യ പരിപാടികള്‍ പങ്കെടുക്കരുത്. അതേസമയം ബിസിസിഐയുടെ ഷൂട്ടിങുകളില്‍ താരങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കുകയും വേണം. ഇനി പരിശീലനത്തിനെത്തിയാല്‍ നേരത്തെ അവസാനിപ്പിച്ച് മടങ്ങുന്ന പരിപാടികളും ഇനി അനുവദിക്കില്ല.
അച്ചടക്ക ലംഘനങ്ങള്‍ കണ്ടാല്‍ സസ്‌പെന്‍ഷന്‍, മാച്ച് ഫീ തടയല്‍ അടക്കമുള്ള നടപടികള്‍ താരങ്ങള്‍ നേരിടേണ്ടി വരും. ആഭ്യന്തര മത്സരങ്ങള്‍ താരങ്ങളെല്ലാം കളിച്ചിരിക്കണം. ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും ബിസിസിഐ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തം നിര്‍ബന്ധമാണ്.
പര്യടനത്തിലും പരമ്പരയിലും ഷെഡ്യൂള്‍ ചെയ്ത ദിവസം തീരും വരെ താരങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരിക്കണം. പുതിയ നയങ്ങളില്‍ ഇളവുകള്‍ ഒരു താരത്തിനു വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുവാദം വാങ്ങണമെന്ന നിബന്ധനയും പുതിയ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.
സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് പ്രചോദനമാണ്. അവര്‍ക്ക് മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം ഒരുക്കുന്നു. പ്രതിഭയുടെ വികാസവും ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഭ്യാന്തര പോരാട്ടം ഉപകരിക്കുമെന്നു ബിസിസിഐയുടെ പുതിയ നയ രേഖയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക