
ഹൊബാര്‍ട്ട്: വനിതാ ആഷസ് ഏകദിന പരമ്പര ഓസ്‌ട്രേലിയന്‍ വനിതകള്‍ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ അവര്‍ 86 റണ്‍സിനു വീഴ്ത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനാണ് ഓസീസ് വനിതകള്‍ പിടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വനിതകളുടെ പോരാട്ടം 42.2 ഓവറില്‍ 222 റണ്‍സില്‍ അവസാനിച്ചു.
ആഷ്‌ലി ഗാര്‍ഡ്‌നര്‍ നിര്‍ണായക ഘട്ടത്തില്‍ നേടിയ കന്നി സെഞ്ച്വറിയാണ് ഓസീസിന്റെ സ്‌കോറില്‍ നിര്‍ണായകമായത്. ഒരു ഘട്ടത്തില്‍ ഓസീസ് 59 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയിരുന്നു.
പിന്നീട് ആഷ്‌ലി, ബെത് മൂണി, തഹ്‌ലിയ മഗ്രാത്ത് എന്നിവരെ കൂട്ടുപിടിച്ച് നടത്തിയ ബാറ്റിങാണ് ഗതി തിരിച്ചത്. ആഷ്‌ലി 102 പന്തില്‍ 102 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ബാറ്റിങ്. ബെത് മൂണി 50 റണ്‍സും തഹ്‌ലിയ 55 റണ്‍സും കണ്ടെത്തി. 12 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് വാരിയ ജോര്‍ജിയ വരേമിന്റെ കൂറ്റനടി സ്‌കോര്‍ 300 കടത്തി.
വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി നാറ്റ് സീവര്‍, ടാമി ബ്യുമോണ്ട് എന്നിവരുടെ പ്രകടനം വെറുതെയായി. സീവര്‍ 61 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ടാമി 54 റണ്‍സും കണ്ടെത്തി. ഡാനി വ്യാറ്റ് (35), ആമി ജോണ്‍സ് (30) എന്നിവരും പൊരുതി നോക്കിയെങ്കിലും ജയത്തിലേക്ക് എത്തിക്കാന്‍ മതിയായില്ല.
ഓസീസിനായി അലന കിങ് 5 വിക്കറ്റുകള്‍ വീഴ്ത്തി. മെഗാന്‍ ഷുറ്റ് 3 വിക്കറ്റുകളും ജോര്‍ജിയ വരേം ശേഷിച്ച രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക